കൊച്ചി: ബംഗളുരു ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട ബിനീഷ് കോടിയേരിക്കെതിരെ ഉടൻ നടപടി സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി താരസംഘടനയായ അമ്മ. ഇക്കാര്യത്തിൽ അദ്ദേഹത്തോട് വിശദീകരണം തേടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സംഘടനവാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ബിനീഷിനെതിരെ നടപടി വേണമെന്ന് കമ്മിറ്റിയിലെ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് വിഷയത്തിൽ തർക്കവും വാക്കേറ്റവും ഉണ്ടായതിന് ശേഷമാണ് 'അമ്മ' ഇപ്പോൾ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. ചർച്ചയുടെ തുടക്കത്തിൽ, വാക്കേറ്റങ്ങൾക്കിടയിലും സംഘടനാ പ്രസിഡന്റ് മോഹൻലാൽ മൗനം പാലിച്ചുവെങ്കിലും ബിനീഷിനെതിരെ ഉടൻ നടപടി വേണ്ടെന്ന സി.പി.എം എം.എൽ.എയും 'അമ്മ' ഭാരവാഹിയുമായ മുകേഷിന്റെ നിലപാടിനോട് അദ്ദേഹം യോജിക്കുകയായിരുന്നു.
തുടർന്ന് ബിനീഷിനോട് തത്ക്കാലം വിശദീകരണം തേടാമെന്ന മുകേഷിന്റെ നിലപാടും മോഹൻലാൽ അംഗീകരിച്ചു. എന്നാൽ ഈ നിലപാടിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് നടൻ സിദ്ദിഖ് രംഗത്തുവന്നു. ദിലീപിനെതിരെ നടപടിയെടുത്ത സംഘടനയില്‍ നിന്ന് ബിനീഷ് വിഷയത്തില്‍ ഇരട്ട നീതിയുണ്ടാകരുതെന്നായിരുന്നു സിദ്ദിഖ് ആവശ്യപ്പെട്ടത്. നടൻ ബാബുരാജും ബിനീഷിനെ പുറത്താക്കണമെന്ന സിദ്ദിഖിന്റെ അഭിപ്രായത്തോട് യോജിച്ചു.
എന്നാൽ ദിലീപിനെ പുറത്താക്കാനുണ്ടായ സാഹചര്യം വ്യത്യസ്തമാണെന്നും ദിലീപിനെതിരെ സംഘടനയില്‍ അംഗമായിരുന്ന നടി പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇതെന്നും മുകേഷും വാദിച്ചു. തുടർന്ന് തന്റെ നിലപാട് അംഗീകരിക്കാതെ വന്നതോടെ സിദ്ദിഖ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. 'അമ്മ' എക്സിക്യൂട്ടീവ് യോഗത്തിന്റെ തുടക്കം മുതല്‍ ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയായിരുന്നു സിദ്ദിഖ്.
എം.എല്‍.എമാരായ മുകേഷും ഗണേഷ് കുമാറും ബിനീഷിനെതിരെ നടപടിയെടുക്കുന്നതില്‍ ശക്തമായ വിയോജിപ്പാണ് യോഗത്തില്‍ അറിയിച്ചിരുന്നു. വനിതാ അഭിനേതാക്കൾ അടക്കമുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ബിനീഷിനെ സസ്‌പെൻഡ് ചെയ്യണമെന്നും അദ്ദേഹത്തിൽ നിന്നും രാജി ആവശ്യപ്പെണമെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്. അതിനിടെ, ഇടവേള ബാബു ആക്രമിക്കപ്പെട്ട നടിയേക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പാര്‍വ്വതി തിരുവോത്ത് നൽകിയ രാജി 'അമ്മ' സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |