ന്യൂഡൽഹി :ജനറൽ സർജറി ഉൾപ്പെടെ നിർവഹിക്കുന്നതിന് സ്പെഷലൈസ്ഡ് ആയുർവേദ ഡോക്ടർമാർക്ക് കേന്ദ്രം അനുമതി നൽകിയതിനെതിരെ പ്രതിഷേധവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. അഞ്ചരക്കൊല്ലത്തെ ജനറൽ മെഡിസിൻ അടക്കം എട്ടു വർഷത്തോളം പരിശീലനം നേടിയെത്തുന്ന സർജന് പോലും എല്ലാ ശസ്ത്രക്രിയയും നടത്താൻ
പ്രാവീണ്യമുണ്ടാകില്ലെന്ന് ഐ.എം.എ പറയുന്നു. അലോപ്പതി മെഡിസിന്റെ അടിസ്ഥാന തത്വങ്ങൾ പഠിക്കാത്തവരെ ശസ്ത്രക്രിയ നടത്താൻ അനുവദിക്കരുതെന്നും ആധുനിക വൈദ്യശാസ്ത്രത്തെ പരമ്പരാഗത ചികിത്സ രീതികളുമായി കൂട്ടിക്കെട്ടരുതെന്നും ഐ.എം.എ അറിയിച്ചു.
ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ (പോസ്റ്റ് ഗ്രാഡ്വേറ്റ് ആയുർവേദ എഡ്യുക്കേഷൻ) റെഗുലേഷൻ 2016ൽ ഭേദഗതി വരുത്തിയാണ് കേന്ദ്രം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിൽ സർജറി പഠനവും ഉൾപ്പെടുത്തിയത്.
ഇതു പ്രകാരം ശല്യതന്ത്ര (ജനറൽ സർജറി), ശാലാക്യതന്ത്ര (ഇ.എൻ.ടി, ദന്തചികിത്സ) ബിരുദാനന്തര ബിരുദമുള്ളവർക്ക് പ്രായോഗിക പരിശീലനം നേടി ശസ്ത്രക്രിയകളും അനുബന്ധ ചികിത്സകളും നടത്താം.
ശല്യതന്ത്രയിൽ പൈൽസ്, മൂത്രക്കല്ല്, ഹെർണിയ, വെരിക്കോസ് വെയിൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട 34 ശസ്ത്രക്രിയകൾക്കാണ് അനുമതി. ശാലാക്യതന്ത്രയിൽ തിമിര ശസ്ത്രക്രിയ, പല്ലിലെ റൂട്ട് കനാൽ തെറാപ്പി തുടങ്ങി 15 ചികിത്സകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ശല്യതന്ത്ര, ശാലാക്യതന്ത്ര എന്നിവയിൽ പി.ജി. ചെയ്യുന്ന ആയുർവേദ ഡോക്ടർമാർ ശസ്ത്രക്രിയ ഉൾപ്പെടെ തിയറി പഠിക്കുന്നുണ്ടെങ്കിലും പരിശീലനം ഉണ്ടാകാറില്ല. ഇതിൽ മാറ്റം വരുത്തും.
എം.ബി.ബി.എസുകാർ പഠിക്കുന്ന അതേ കാര്യങ്ങൾ തന്നെയാണ് ബി.എ.എം.എസും എം.എസും പഠിക്കുന്ന വിദ്യാർത്ഥികളും പഠിക്കുന്നത്. കേരളത്തിന് പുറത്തുള്ള ആയുർവേദ ഡോക്ടർമാർ 25 വർഷത്തോളമായി ശസ്ത്രക്രിയകൾ ചെയ്യുന്നുണ്ട്. പുതിയ കേന്ദ്ര തീരുമാനത്തിലൂടെ അതിന് നിയമ പരിരക്ഷ നൽകിയെന്നേയുള്ളൂ.
ഡോ.നേത്രദാസ് പി.കെ.
അസോസിയേഷൻ ഒഫ് ശാലക്യ
സെക്രട്ടറി, കേരള ഘടകം
ആയുർവേദ ചികിത്സ നടത്തുന്നവർക്ക് ശസ്ത്രക്രിയ നടത്താമെന്നുള്ള പുതിയ നിർദ്ദേശം ഫലത്തിൽ വിപരീത ഫലമാകും ഉണ്ടാക്കുക.ആയുർവേദത്തിന്റെ തത്വസംഹിതയ്‌ക്കകത്ത് നിന്നുകൊണ്ട് പ്രവർത്തിക്കുന്നതിൽ യാതൊരു എതിർപ്പുമില്ല. എന്നാൽ ആധുനിക വൈദ്യശാസ്ത്രത്തെ പാരമ്പര്യ രീതികളുമായി കൂട്ടിക്കുഴയ്‌ക്കുന്നത് ശരിയല്ല.ആയുർവേദവും അലോപ്പതിയും കൂടിച്ചേർന്ന് മിക്സോപ്പതി എന്ന നിലയിലേക്ക് ഇത് മാറും.ഇതിലൂടെ രണ്ടു വൈദ്യ ശാഖകളുടെയും ശരിയായ ഗുണം നഷ്ടപ്പെടും
- ഡോ.പി. ഗോപകുമാർ ഐ.എം.എ സംസ്ഥാന സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |