കോട്ടയം: ബാർക്കോഴ കേസിന്റെ അന്വേഷണം കെ എം മാണി വന്ന് കണ്ടതിന് ശേഷം പിണറായി വിജയൻ അവസാനിപ്പിച്ചുവെന്ന ബിജുരമേശിന്റെ വെളിപ്പെടുത്തൽ യു ഡി എഫ്- എൽ ഡി എഫ് ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എൽ ഡി എഫും യു ഡി എഫും ഒത്തുകളിക്കുകയാണെന്ന ബി ജെ പിയുടെ ആരോപണം ശരിവയ്‌ക്കുന്നതാണ് ബിജുരമേശിന്റെ വെളിപ്പെടുത്തലെന്നും കോട്ടയത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഒത്തുതീർപ്പാക്കലുകളുടെ പിന്നിൽ സാമ്പത്തിക താത്പര്യങ്ങളാണ്. ഇരു മുന്നണികളുടേയും നേതാക്കൾക്ക് കോടിക്കണക്കിന് രൂപയുടെ കളളപ്പണ ഇടപാടുകളുണ്ട്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നത് കൊണ്ടാണ് നേതാക്കൾ അഴിമതി കേസുകൾ ഒത്തുതീർപ്പാക്കുന്നത്. അഴിമതിയാണ് ഇരുമുന്നണികളുടേയും മുഖമുദ്ര. ബാർക്കോഴ കേസ് അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ബിജു രമേശിനോട് ആരോപണത്തിൽ ഉറച്ചു നിൽക്കാൻ പറഞ്ഞ ശേഷം പിണറായി പിന്മാറുകയായിരുന്നു. ഇതിൽ പിണറായിക്ക് എന്ത് ലാഭമാണ് ഉണ്ടായതെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഏത് വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് കേസ് അട്ടിമറിച്ചു കൊടുക്കുത്തതെന്ന് അറിയണം. എന്തിനാണ് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ.ബാബു എന്നിവരെ രക്ഷിക്കാൻ ശ്രമിച്ചതെന്നും പറയണം. കൈക്കൂലി കൊടുക്കാനുളള പത്ത് കോടി രൂപ ആരാണ് പിരിച്ചതെന്നും ആർക്കാണ് അന്വേഷിക്കുന്നതെന്നും എന്നെല്ലാം അന്വേഷിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
യു ഡി എഫും എൽ ഡി എഫും ഒരേ തൂവൽ പക്ഷികളാണ്. ജോസ് കെ മാണി മുന്നണി മാറിയപ്പോൾ വിശുദ്ധനായി. കേന്ദ്ര ഏജൻസികളുടെ അന്വേഷണം വന്നതു കൊണ്ട് മാത്രമാണ് അഴിമതികൾ പുറത്തായത്. തദ്ദേശ തിരഞ്ഞെടുപ്പോടെ എല്ലാ അഴിമതികൾക്കും അറുതിയാവും. അഴിമതി മുന്നണികൾക്ക് കനത്ത ശിക്ഷ ജനങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കെതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യം ഉയർത്തിയ യു ഡി എഫ് നേതാവിന്റെ വീട്ടിൽ നിന്നും നേതാവിനെ രക്ഷിക്കാൻ വീട്ടുകാർ ബിജുവിനെ വിളിച്ചത് ദയനീയമാണ്. ഇ ഡിക്ക് അഴിമതിയും കളളപ്പണവും അന്വേഷിക്കാനുളള അധികാരമുണ്ട്. നിയമസഭ അവകാശ ലംഘനത്തിന് നോട്ടീസ് നൽകേണ്ടത് ധനമന്ത്രി തോമസ് ഐസക്കിനാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |