ന്യൂയോർക്ക്: ലോകത്ത് തരംഗമായി മാറിയ ഐസ് ബക്കറ്റ് ചലഞ്ചിന് തുടക്കം കുറിച്ച വ്യക്തികളിലൊരാളായ പാറ്റ് ക്വിൻ നിര്യാതനായി. നാഡികളെയും പേശികളെയും തളർത്തുന്ന രോഗമായ മോട്ടോർ ന്യൂറോൺ ഡിസീസ് എന്നറിയപ്പെടുന്ന അമിട്രോഫി ലാറ്ററൽ സ്‍ക്ലീറോസിസ് (എ.എൽ.എസ്) രോഗബാധിതനായിരുന്നു 37കാരനായ ക്വിൻ.
ന്യൂയോർക്കിലെ യോങ്കേഴ്‌സിൽ താമസിച്ചിരുന്ന ക്വിൻ, 2013 മാർച്ചിലാണ് താൻ എ.എൽ.എസ് രോഗബാധിതനാണെന്ന് തിരിച്ചറിയുന്നത്. രോഗനിർണയത്തെത്തുടർന്ന് എ.എൽ.എസിനെതിരായ പോരാട്ടത്തിന് അവബോധവും ഫണ്ടുകളും ശേഖരിക്കുന്നതിനായി "ക്വിൻ ഫോർ ദ് വിൻ" എന്ന കൂട്ടായ്മ ഇദ്ദേഹം സ്ഥാപിച്ചിരുന്നു.
2014ൽ പാറ്റും സംഘവും ആരംഭിച്ച ഐസ് ബക്കറ്റ് ചലഞ്ചിൽ ലോകമെമ്പാടുമായി 17 മില്യണിലധികം ആളുകളായിരുന്നു പങ്കെടുത്തത്. മോട്ടോർ ന്യൂറോൺ ഡിസീസ് മൂലം ലോകത്ത് നിരവധിയാളുകളാണ് കഷ്‍ടപ്പെടുന്നത്. ഈ രോഗത്തിനെതിരെ ബോധവത്കരണം നടത്താനും ചികിത്സ കണ്ടുപിടിക്കുന്നതിനുള്ള ഗവേഷണങ്ങൾക്ക് ഫണ്ട് ശേഖരിക്കാനുമാണ് എ.എൽ.എസ് അസോസിയേഷൻ ഐസ് ബക്കറ്റ് ചലഞ്ചിന് തുടക്കം കുറിച്ചത്. ഹോളിവുഡ് താരങ്ങളടക്കം നിരവധി പേർ ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്തിരുന്നു.
എ.എൽ.എസിനെ ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും നേരിട്ട് ചുറ്റുമുള്ളവരെ പ്രചോദിപ്പിച്ച വ്യക്തിയാണ് പാറ്റെന്ന് എ.എൽ.എസ് ഫൗണ്ടേഷൻ വാർത്താക്കുറിപ്പിലൂടെ പറഞ്ഞു. എ.എൽ.എസിനെതിരായ പോരാട്ടത്തിൽ അദ്ദേഹം പകർന്ന് തന്ന ഉർജ്ജവും ധൈര്യവും എല്ലായ്പ്പോഴും ഓർക്കുമെന്ന് "ക്വിൻ ഫോർ ദി വിൻ" കൂട്ടായ്മയും പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |