ബംഗളൂരു: എൻഫോഴ്‌സ്‌മെന്റ് അന്വേഷണത്തിനെതിരെയുളള ബിനീഷ് കോടിയേരിയുടെ ഹർജി കോടതി തളളി. ഇ.ഡിയുടെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് കർണാടക ഹൈക്കോടതി തളളിയത്. തന്റെ അറസ്‌റ്റ് നിയമവിരുദ്ധമാണെന്നായിരുന്നു ബിനീഷ് ഹർജിയിൽ വാദിച്ചിരുന്നത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിൽ ബിനീഷിനെ അറസ്‌റ്റ് ചെയ്‌തതിനെതിരെയുളള ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
അതേസമയം ബിനീഷിനെതിരെ എൻഫോഴ്‌സ്‌മെന്റ് കൂടുതൽ തെളിവുകൾ ഇന്ന് ബംഗളൂരു സെഷൻസ് കോടതിയിൽ സമർപ്പിക്കും. ബിനീഷിന്റെ ബിനാമികളെ ചോദ്യം ചെയ്‌തതിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് ഇ.ഡി കോടതിയിൽ നൽകുക. ഇവരോടൊപ്പമിരുത്തി ബിനീഷിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതിയെ ഇ.ഡി അറിയിച്ചു.
ബിനീഷിന്റെ തിരുവനന്തപുരം മരുതംകുഴിയിലെ 'കോടിയേരി' വീടും ഭാര്യയുടെയും ബിനാമികളുടെയും സ്വത്തും കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. കളളപ്പണ നിയമപ്രകാരമാണിത്. രജിസ്‌ട്രേഷൻ ഐ.ജിയ്‌ക്ക് ഈ ആവശ്യം ഉന്നയിച്ച് ഇ.ഡി കത്ത് നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസമാണ് രജിസ്‌ട്രേഷൻ വകുപ്പിന് ഈ കാര്യം ആവശ്യപ്പെട്ടുകൊണ്ട് എൻഫോഴ്‌സ്‌മെന്റ് കത്ത് നൽകിയത്.
മയക്കുമരുന്ന് കേസിൽ പിടിയിലായ മുഹമ്മദ് അനൂബിന്റെയും ആസ്‌തികൾ കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |