ഹൈദരാബാദ് : ശരിക്കു പറഞ്ഞാൽ ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ല സ്വദേശിയായ മുദാവത് ശ്രീനു നായികിന്റെ യോഗ്യത ഒൻപതാം ക്ലാസ് വരെ മാത്രമാണ്. എന്നാൽ വേഷം കെട്ടിൽ ഇയാൾ ഇന്ത്യൻ സൈന്യത്തിലെ മേജറാണ്. സ്വന്തം വീട്ടുകാരെ പോലും ഇങ്ങനെയാണ് വിശ്വസിപ്പിച്ചിരുന്നത്. പട്ടാള യൂണിഫോമിൽ തട്ടിപ്പുകാരൻ പേരൊന്ന് മാറ്റിയിട്ടുണ്ട്, എം ശ്രീനിവാസ് ചൗഹാൻ. സൈന്യത്തോടുള്ള സ്‌നേഹം കൊണ്ടല്ല ഇദ്ദേഹം പട്ടാള വേഷമണിഞ്ഞത്, സ്ത്രീകളെ പാട്ടിലാക്കി അവരെ ചൂഷണം ചെയ്യുന്നതിന് വേണ്ടിയാണ്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പതിനേഴോളം സ്ത്രീകളെ ഇയാൾ തട്ടിച്ചിട്ടുണ്ട്, ഇവരിൽ നിന്നും ആറുകോടിയോളം രൂപയും കൈപ്പറ്റി. തട്ടിയെടുക്കുന്ന കാശുകൊണ്ട് ആർഭാട ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്.
സൈനികനെന്ന് പരിചയപ്പെടുത്തുന്ന രേഖകളും ഇയാൾ നിർമ്മിച്ചെടുത്തിരുന്നു. വ്യാജ ആധാർ കാർഡുപയോഗിച്ച് മേഘാലയയിലെ ഒരു സർവ്വകലാശാലയിൽ നിന്നും എൻവയോൺമെന്റൽ എഞ്ചിനീയറിംഗിൽ എം.ടെക്കും കരസ്ഥമാക്കി. പതിനേഴോളം സ്ത്രീകളെ കബളിപ്പിച്ച ഇയാൾ മറ്റൊരു പെൺകുട്ടിയെ പറ്റിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ജവഹർ നഗർ പോലീസ് പിടികൂടിയത്. മെഴ്സിഡസ് ബെൻസ് ഉൾപ്പെടെ മൂന്ന് ആഢംബര കാറുകൾ കബളിപ്പിച്ച് നേടിയ കാശുകൊണ്ട് മുദാവത് ശ്രീനു നായിക് വാങ്ങിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |