മോസ്‌കോ: യു.എസ് യുദ്ധക്കപ്പലിനെ തുരത്തിയോടിച്ചെന്ന അവകാശവാദവുമായി റഷ്യന്‍ സൈന്യം. റഷ്യന്‍ സമുദ്രാതിര്‍ത്തി കടന്ന യു.എസ് നാവികസേനയുടെ മിസൈൽ പ്രതിരോധക്കപ്പലായ യു.എസ്.എസ് ജോണ്‍ എസ് മക്കെയ്‌നെയാണ് റിപ്പോര്‍ട്ടുകൾ പ്രകാരം റഷ്യന്‍ സേന തുരത്തിയത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് ഇതു സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്.
റഷ്യന്‍ യുദ്ധക്കപ്പലായ അഡ്മിറല്‍ വിനോഗ്രാഡോവാണ് യു.എസ് യുദ്ധക്കപ്പലിനെ തുരത്തിയതെന്നാണ് റിപ്പോര്‍ട്ട്. യു.എസ് കപ്പലിന് മുന്നറിയിപ്പ് കൊടുക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി സ്ഥലത്തു നിന്ന് തുരത്തുകയായിരുന്നുവെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തുടര്‍ന്ന് യു.എസ് കപ്പല്‍ ഉടന്‍ തന്നെ റഷ്യയുടെ സമുദ്രഭാഗത്തു നിന്ന് മാറിയതായും അറിയിച്ചു.
അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി കടന്ന് രണ്ട് കിലോമീറ്ററോളം യു.എസ് കപ്പലുകള്‍ കടന്നുകയറിയെന്നും തുടര്‍ന്ന് യു.എസ് കപ്പലുകളെ നിരന്തരം നിരീക്ഷിക്കുന്ന റഷ്യയുടെ പസിഫിക് ഫ്ലീറ്റിന്റെ ഭാഗമായ കപ്പല്‍ യു.എസ് കപ്പലിനെ തുരത്തിയോടിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപൂര്‍വമായാണ് യു.എസ് കപ്പലുകള്‍ റഷ്യയുടെ സമുദ്രഭാഗത്തു കടന്നു ചെല്ലുന്നത്. എന്നാല്‍ ശീതയുദ്ധത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സുഗമമല്ലാത്തതിനാലാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |