ബിൽ ഗേറ്റ്‌സിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി
ന്യൂയോർക്ക്: ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നനെന്ന പട്ടം ചൂടി ടെസ്‌ല, സ്‌പേസ് എക്‌സ് എന്നിവയുടെ സി.ഇ.ഒ എലോൺ മസ്‌ക്. ഇലക്‌ട്രിക് വാഹന നിർമ്മാണ കമ്പനിയായ ടെസ്‌ലയുടെ ഓഹരിവിലക്കുതിപ്പാണ് നേട്ടമായത്.
തിങ്കളാഴ്‌ച 720 കോടി ഡോളർ വർദ്ധിച്ച് മസ്‌കിന്റെ ആസ്‌തി 12,790 കോടി ഡോളറായി; സുമാർ 9.50 ലക്ഷം കോടി രൂപ. 49കാരനായ മസ്‌ക് 2020ൽ മാത്രം ആസ്‌തിയിൽ കൂട്ടിച്ചേർത്തത് 10,030 കോടി ഡോളറാണ്. ഈവർഷത്തിന്റെ തുടക്കത്തിൽ ബ്ളൂംബെർഗിന്റെ ആദ്യ 500 ശതകോടീശ്വര പട്ടികയിൽ 35-ാം സ്ഥാനത്തായിരുന്നു അദ്ദേഹം. ടെസ്‌ലയുടെ മൂല്യം 50,000 കോടി ഡോളറിലേക്ക് അടുക്കുകയാണ്.
12,770 കോടി ഡോളർ ആസ്‌തിയുമായി മൈക്രോസോഫ്‌റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടാംസ്ഥാനത്തിന് താഴെ ഗേറ്റ്‌സ് എത്തുന്നത് എട്ടുവർഷത്തിനിടെ ആദ്യം. 18,200 കോടി ഡോളർ ആസ്‌തിയുള്ള (13.47 ലക്ഷം കോടി രൂപ) ആമസോൺ സി.ഇ.ഒ ജെഫ് ബെസോസ് ആണ് ലോകത്തെ ഏറ്റവും സമ്പന്നൻ.
ലോകത്തെ ആദ്യ 10 ശതകോടീശ്വരന്മാരിൽ എട്ടും അമേരിക്കക്കാരാണ്. നാലാംസ്ഥാനത്തുള്ള ബെർണാഡ് അർണോൾട്ട് (ഫ്രാൻസ്), 10-ാംസ്ഥാനത്തുള്ള മുകേഷ് അംബാനി (ഇന്ത്യ) എന്നിവരാണ് മറ്റു രണ്ടുപേർ. മസ്‌ക്, ഈ മുന്നേറ്റം തുടർന്നാൽ വൈകാതെ ബെസോസിനെയും പിന്തള്ളുമെന്നാണ് വിലയിരുത്തൽ. മസ്‌ക്, ഗേറ്റ്‌സ്, ബെസോസ് എന്നിവരെ കഥാപാത്രങ്ങളാക്കി ഇന്നലെ സോഷ്യൽ മീഡിയയിൽ ഒട്ടേറെ ട്രോളുകളും നിറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |