തിരുവനന്തപുരം: വിവാദ പൊലീസ് നിയമഭേദഗതി ഓർഡിനൻസ് സർക്കാർ പിൻവലിച്ച സാഹചര്യത്തിൽ, ഏതെങ്കിലുമൊരു വാചകം മാറ്റി വേറൊരു ഓർഡിനൻസിറക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗം തടയാൻ ഇനിയെന്തെങ്കിലും നിയമനിർമ്മാണം വേണ്ടതുണ്ടെങ്കിൽ അത് നിയമസഭയിലൂടെ മാത്രമേ വരാൻ സാദ്ധ്യതയുള്ളൂ.അത്തരം അഭിപ്രായങ്ങളെല്ലാം ശേഖരിച്ച് എന്തു വേണമെന്ന് ആലോചിക്കാം. ഓർഡിനൻസിലൂടെ നിയമനിർമ്മാണം ഉദ്ദേശിക്കുന്നില്ല- മുഖ്യമന്ത്രി പറഞ്ഞു.
?ഇടതുപക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്നതിൽ അങ്ങയുടെ ഭാഗത്ത് വീഴ്ചയുണ്ടായോ? യു.എ.പി.എ, മാവോയിസ്റ്റ് വേട്ട വിഷയങ്ങളിലും സമാന വിമർശനങ്ങളുണ്ടായി.
- മുഖ്യമന്ത്രി: ഇടതുപക്ഷ നിലപാട് ഞാൻ സ്വീകരിക്കുന്നുണ്ടോ ഇല്ലയോയെന്ന് കൃത്യമായി പരിശോധിക്കാൻ അതിശക്തമായ സംവിധാനമുള്ള പാർട്ടി ഞങ്ങൾക്കുണ്ട്. ആ പാർട്ടിയിൽ, നിങ്ങളിൽ (മാദ്ധ്യമപ്രവർത്തകരിൽ) ചിലർ ആഗ്രഹിച്ചതിന് വിരുദ്ധമായി, ഇപ്പോഴും ഞാൻ തുടരുന്നുണ്ട്. ഞാനിതിൽ നിന്ന് പോകണമെന്ന് ആഗ്രഹിച്ചവരാണ് നിങ്ങളിൽ ചിലരെന്നറിയാം. ഇവിടെ പ്രകടിപ്പിച്ച രീതിയിലുള്ള ഒരഭിപ്രായവും ഈ സർക്കാരിനെക്കുറിച്ചുണ്ടായിട്ടില്ല. പൊതുവിൽ എന്താണോ പാർട്ടിയും ഇടതുജനാധിപത്യമുന്നണിയും കാണുന്നത്, അതിനനുസരിച്ച് പ്രവർത്തിക്കുന്ന സർക്കാരാണിത്. അപാകതകളുണ്ടെങ്കിൽ പരിശോധിക്കുകയും, അതിനനുസരിച്ച് തീരുമാനമെടുക്കുകയും ചെയ്യും. അതിനെക്കുറിച്ചൊന്നും ആശങ്കപ്പെടേണ്ടതില്ല.
? ഇത്തരമൊരു നിയമഭേദഗതി കൊണ്ടുവരുന്നതിന് മുമ്പ് പാർട്ടിയുടെയോ ഇടതുമുന്നണിയുടെയോ വേദികളിൽ ചർച്ച ചെയ്തിരുന്നോ?
- (ഇതിന് വ്യക്തമായ മറുപടിയുണ്ടായില്ല) നിങ്ങൾ തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് നേരത്തേ പറഞ്ഞ അഭിപ്രായങ്ങളെന്തെന്ന് പരിശോധിച്ചാൽ മതി. ഓരോ കാര്യങ്ങൾ വരുമ്പോഴുള്ള അഭിപ്രായപ്രകടനങ്ങളായിട്ടേ ഇതിനെ കണക്കാക്കേണ്ടതുള്ളൂ. എങ്ങനെയാണ് ഈ നിയമം വന്നതെന്നതിനെക്കുറിച്ച് വ്യക്തമാക്കിക്കഴിഞ്ഞു. അത് വന്നപ്പോഴുണ്ടായ സാഹചര്യവും പറഞ്ഞു. അവിടെ കടിച്ചു തൂങ്ങുന്നത് ശരിയല്ലെന്ന് കണ്ട് പിൻവലിച്ചത് ശരിയെന്ന് പൊതുസമൂഹം അംഗീകരിക്കുന്നു. ചിലർക്ക് അംഗീകരിക്കാൻ വിഷമമുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |