കൊല്ലം: നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പത്തനാപുരം എം.എൽ.എ കെ.ബി. ഗണേശ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറി കോട്ടാത്തല പ്രദീപ് കുമാറിനെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രദീപ് കുമാറിന്റെ മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്ന് കൊല്ലം പത്തനാപുരത്തെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. കൊട്ടാരക്കര എസ്.പി ഓഫീസിൽ നിന്ന് പ്രത്യേക പൊലീസിനെ രാവിലെ തന്നെ പത്തനാപുരത്ത് വിന്യസിച്ചിരുന്നു.
കേസിൽ മാപ്പുസാക്ഷിയായ ബേക്കൽ മലാംകുന്ന് സ്വദേശി വിപിൻലാൽ കോടതിയിൽ നൽകിയ മൊഴി മാറ്റണമെന്ന് വീട്ടിലെത്തിയും ഫോണിലൂടെയും പലതവണ ആവശ്യപ്പെടുകയും വഴങ്ങാത്തതിന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അറസ്റ്റിന് സാദ്ധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യം വേണമെന്നും ആവശ്യപ്പെട്ടാണ് പ്രദീപ് കുമാർ കാസർകോട് കോടതിയെ സമീപിച്ചിരുന്നത്.
ഇന്നലെ രാത്രി 9.30 മണിയോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച പ്രദീപ് കുമാറിനെ കൊവിഡ് ടെസ്റ്റിനും വൈദ്യപരിശോധനകൾക്കും ശേഷം 10 മണിയോടെ ഡിവൈ. എസ്. പി ഓഫീസിൽ എത്തിച്ചു വീഡിയോ കോൺഫറൻസ് വഴി ഹൊസ്ദുർഗ് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |