വാഷിംഗ്ടൺ : മനുഷ്യവാസമില്ലാത്ത മരുഭൂമിയിൽ കണ്ടെത്തിയ ഒരു വസ്തുവാണ് ഇപ്പോൾ അമേരിക്കൻ ഗവേഷകരെ കുഴയ്ക്കുന്നത്. രണ്ടാൾ പൊക്കത്തിൽ ദീർഘചതുരാകൃതിയിലുള്ള ഒരു തൂണാണ് അമേരിക്കയിലെ ഉട്ടയിലുള്ള മരുഭൂമിയിൽ കണ്ടെത്തിയത്. മനുഷ്യൻ കടന്നുചെല്ലാത്ത പ്രദേശത്ത് ഇത്തരത്തിലൊരു വസ്തു കൊണ്ട് വച്ചത് ആരാണെന്നും ഇത് എത്ര കാലമായി ഇവിടെ ഉണ്ടായിരുന്നുവെന്നുമുള്ള സംശയത്തിലാണ് ഗവേഷകർ.
ഉട്ടയിലുള്ള റെഡ് റോക്ക് കൗണ്ടിയിലാണ് സംഭവം നടന്നത്. നദി ദിശമാറിയൊഴുകി ചെങ്കൽഭൂമി അടുക്കുകളായി കീറിയതുപോലെ രൂപപ്പെട്ട പ്രദേശത്ത് നടത്തിയ ഹെലികോപ്ടർ സർവേയ്ക്കിടയിലാണ് വിചിത്രമായ സംഭവമുണ്ടായത്. പ്രദേശത്തെ ഭൂപ്രകൃതിയുമായി ബന്ധമില്ലാത്ത തരത്തിൽ ഒരു വസ്തു കണ്ടതോടെ ഗവേഷകർ സ്ഥലത്തെത്തി പരിശോധിച്ചു. ഈ വസ്തു ഇവിടെ സ്ഥാപിച്ചത് ആരാണെന്നോ എന്തിനാണെന്നോ ഉള്ള യാതൊരു സൂചനയും പരിസരത്ത് ഉണ്ടായിരുന്നില്ലെന്ന് ഗവേഷകർ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. എത്ര കാലമായി ഈ മോണോലിത്ത് (ഈ ഏകശിലാരൂപം) ഇവിടെ നിലനിൽക്കുന്നുണ്ടെന്നതിലും വ്യക്തതയില്ല.
വാഹനത്തിലോ നടന്നോ ഈ പ്രദേശത്തേയ്ക്ക് എത്താൻ തന്നെ പ്രയാസമാണെന്ന് ഗവേഷകർ പറയുന്നു. അതേസമയം, ആൾത്താമസമില്ലാത്ത പ്രദേശങ്ങളിൽ ഇത്തരം അസാധാരണ സംഭവങ്ങൾ വിരളമല്ലെന്നും അവർ അറിയിച്ചു.
അതേസമയം, ഈ ഏകശിലാരൂപത്തെ സംബന്ധിച്ച് നിരവധി സിദ്ധാന്തങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒറ്റപ്പെട്ട മരുഭൂമിയിൽ ഈ സ്തംഭം സ്ഥാപിച്ചത് അന്യഗ്രഹജീവികളാണെന്നതാണ് പ്രധാന സിദ്ധാന്തം. അതേസമയം, ഇത് 2020 അവസാനിപ്പിക്കാനുള്ള ബട്ടണാണെന്നും അടുത്തു ചെന്നു നോക്കിയാൽ ഇതിനുള്ളിൽ കൊവിഡ് വാക്സിൻ ഉണ്ടാകുമെന്ന് എഴുതിയിട്ടുണ്ടാകുമെന്നും ഒക്കെ ചില വിരുതന്മാർ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |