ഏഥൻസ് : ഇന്ത്യയ്ക്ക് റഫാൽ കൈമാറിയതോടെ ഫ്രാൻസിന് ശുക്രനുദിക്കുകയാണ്. ലഡാക്കിൽ ചൈനയുമായി മുഖാമുഖം നിന്നപ്പോൾ ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തു കൂട്ടി എത്തിയ റഫാലിന് മികച്ച വാർത്താ പ്രാധാന്യമാണ് ലോക മാദ്ധ്യമങ്ങൾ നൽകിയത്. വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ ശ്രദ്ധ ഇപ്പോൾ റഫാലിൽ പതിയുകയാണ്. വിവിധ രാജ്യങ്ങൾ റഫാലുപയോഗിക്കുന്നുവെങ്കിലും യൂറോപ്പിൽ ഫ്രാൻസിന് പുറമേ മറ്റൊരു രാഷ്ട്രത്തിന്റെയും സേനയിൽ റഫാൽ കരുത്തറിയിച്ചിട്ടില്ല. ഈ ഭാഗ്യം ഗ്രീസിനെ തേടിയാണ് എത്തിയിരിക്കുന്നത്. ദീർഘനാളുകളായി അയൽ രാജ്യമായ തുർക്കിയിൽ നിന്നും ഭീഷണി നേരിടുന്ന ഗ്രീസ് തങ്ങളുടെ ഹെല്ലനിക് വ്യോമസേനയുടെ (എച്ച്എഎഫ്) കരുത്ത് റഫാലിലൂടെ പതിന്മടങ്ങാക്കുവാൻ ശ്രമിക്കുകയാണ്.
ഗ്രീസുമായി പതിനെട്ട് റഫാലുകളെ കൈമാറ്റം ചെയ്യുവാനുള്ള കരാറാണ് ഇപ്പോൾ ഫ്രാൻസ് ഒപ്പിട്ടിരിക്കുന്നത്. ഇതിൽ പന്ത്രണ്ടോളം ഉപയോഗിച്ചവയും ആറ് പുത്തൻ റഫാലുകളെയുമാണ് ഫ്രാൻസ് കൈമാറുന്നത്. കരാർ പ്രകാരം ആദ്യ വിമാനം അടുത്ത വർഷം ആദ്യം ലഭിക്കും. വ്യോമസേനയെ ആധുനിക വത്കരിക്കുന്നതിനായി 300 മില്യൺ ഡോളറാണ് ഗ്രീസ് അടുത്ത നാലു വർഷത്തേയ്ക്ക് നീക്കി വച്ചിട്ടുള്ളത്. വിമാനങ്ങളിൽ ഘടിപ്പിക്കുന്ന ആയുധങ്ങൾ വാങ്ങുന്നതിനാണിവ. നിലവിലുള്ള വിമാനങ്ങൾ പുനരുദ്ധരിക്കുന്നതിനായി 120 മില്യൺ ഡോളറും ചെലവഴിക്കും. റഫാലുകൾ വരുന്നതോടെ ഇപ്പോൾ സേനയിലുള്ള മിറാഷ് 2000 വിമാനങ്ങൾ ഡീകമ്മീഷൻ ചെയ്യും.
അമേരിക്കൻ യുദ്ധവിമാനങ്ങളടക്കം സ്വന്തമായുള്ള തുർക്കിയോട് നേരിട്ട് ഏറ്റുമുട്ടാൻ റഫാലുകൾ കൂടി അണിനിരക്കുമ്പോൾ ഗ്രീസിനാകും എന്നാണ് കരുതുന്നത്. അടുത്തിടെ തീവ്ര ഇസ്ലാമിക നിലപാടുകളോട് സമരസപ്പെട്ടുള്ള ഭരണമാണ് തുർക്കിയുടേത്. പാകിസ്ഥാനുമായും മലേഷ്യയുമായും അടുത്ത ബന്ധം പുലർത്തുന്ന തുർക്കി പക്ഷേ സൗദി അടക്കമുള്ള അറബ് രാഷ്ട്രങ്ങളോട് ഇടഞ്ഞ് നിൽക്കുകയുമാണ്. കാശ്മീർ വിഷയത്തിലടക്കം പാക് വാദങ്ങളെ യു എന്നിൽ കണ്ണും പൂട്ടി അനുകൂലിക്കുന്ന തുർക്കിയോടുള്ള ഇന്ത്യയുടെ ബന്ധവും ഇപ്പോൾ ഊഷ്മളമല്ല. ഗ്രീസുമായി നാവിക ബന്ധങ്ങൾ ശക്തിപ്പെടുത്തുവാനും ഇന്ത്യ അടുത്തിടെ ശ്രമിക്കുന്നുണ്ട്.
റഫാൽ പ്രത്യേകതകൾ
നിർമ്മാതാക്കൾ ഫ്രഞ്ച് കമ്പനിയായ ദസോൾ ഏവിയേഷൻ
വില ഏദേശം 670 കോടി രൂപ
ഉയരം 5.30 മീറ്റർ
നീളം 15. 30 മീറ്റർ
ഭാരം 10 ടൺ
പരമാവധി വിമാനത്തിനുള്ളിൽ വഹിക്കാനാകുന്ന ഭാരം 24.5 ടൺ
പുറത്ത് വഹിക്കാവുന്ന ഭാരം 9.5 ടൺ
ഒറ്റപറക്കലിൽ 3700 കിലോമീറ്റർ പരിധിവരെ പറക്കാനാകും
മണിക്കൂറിൽ 1912 കിലോമീറ്റർ പിന്നിടാൻ കഴിയും
ചിറകിന്റെ സ്പാൻ 10.90 മീറ്റർ
ഇന്ധന ശേഷി (ഇന്റേണൽ ) 4.7 ടൺ
ഇന്ധന ശേഷി (പുറത്ത്) 6.7 ടൺ
ലാൻഡിംഗ് ഗ്രൗണ്ട് റൺ 45 മീറ്റർ
സർവീസ് സീൽ 50,000 അടി
പരമാവധി വേഗത 1.8 മാക്ക്
രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി
മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്
മിക്ക ആധുനിക ആയുധങ്ങളും വിമാനത്തിൽ ഘടിപ്പിക്കാനാകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |