കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കാൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനും ജില്ലാ പബ്ളിക് പ്രോസിക്യൂട്ടർക്കും വിചാരണക്കോടതി നിർദ്ദേശം നൽകി. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എ. സുരേശൻ രാജിവച്ച സാഹചര്യത്തിലാണ് എറണാകുളം അഡി. സ്പെഷ്യൽ സെഷൻസ് കോടതി നിർദ്ദേശം.
നടൻ ദിലീപ് പ്രതിയായ കേസിൽ വിചാരണക്കോടതിയുടെ നിലപാട് ഇരയ്‌ക്ക് അനുകൂലമല്ലെന്നും കോടതി പ്രോസിക്യൂഷനെയും അന്വേഷണ ഏജൻസിയെയും അകാരണമായി വിമർശിച്ചെന്നുമാരോപിച്ചാണ് അഡ്വ. എ. സുരേശൻ രാജിവച്ചത്. നേരത്തെ ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി കോടതി മാറ്റത്തിന് പ്രോസിക്യൂഷനും നടിയും നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ തുടരാനും ഉത്തരവിട്ടു. കഴിഞ്ഞ തിങ്കളാഴ്ച വിചാരണ പുനരാരംഭിക്കാനിരിക്കെയാണ് അഡ്വ. സുരേശൻ രാജിവച്ചത്.
ഫെബ്രുവരി നാലിന് മുമ്പ് വിചാരണ പൂർത്തിയാക്കാൻ നേരത്തെ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സാവകാശം വേണമെന്ന് അന്വേഷണസംഘം ഇന്നലെ കോടതിയിൽ അറിയിച്ചു. കേസ് ഡിസംബർ രണ്ടിന് വീണ്ടും പരിഗണിക്കും.