പത്തനംതിട്ട: സ്‌പ്രിൻക്ളർ ഇടപാടിൽ പുതിയ കമ്മിറ്റിയെ നിയോഗിച്ചത് മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മാധവൻ നമ്പ്യാർ കമ്മിറ്റി റിപ്പോർട്ട് അട്ടിമറിക്കാനാണ് ശ്രമം. സിവിൽ ഏവിയേഷൻ മുൻ സെക്രട്ടറി എം. മാധവൻ നമ്പ്യാരും കേന്ദ്ര സർക്കാരിന്റെ മുൻ സൈബർ സെക്യൂരിറ്റി കോ-ഓഡിനേറ്ററുമായ ഡോ. ഗുൽഷൻ റായിയും അടങ്ങുന്ന കമ്മിറ്റി ഇടപാടിൽ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങളെല്ലാം ശരിവയ്‌ക്കുന്നതായിരുന്നു റിപ്പോർട്ട്.
ഒരു വിദേശ കമ്പനിയുമായി കരാറുണ്ടാക്കുമ്പോൾ പാലിക്കേണ്ട ചട്ടങ്ങളൊന്നും സ്‌പ്രിൻക്ളറുമായി പാലിച്ചിട്ടില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാരിന്റെ മുഖം നഷ്ടപ്പെടുന്നതിനാലാണ് റിപ്പോർട്ട് പുറത്തു കാണിക്കാതെ മറ്റൊരു കമ്മിറ്റിയെ വച്ചത്.
കൊവിഡ് വ്യാപിച്ചു തുടങ്ങിയപ്പോൾ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് മറിച്ച് നൽകാനുള്ള ഗൂഢശ്രമമാണ് നടന്നത്. കോടികൾ കൊയ്യാനുള്ള പദ്ധതി തയ്യാറാക്കിയതും കരാറിൽ ഒപ്പിട്ടതുമെല്ലാം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനായിരുന്നു. മുഖ്യമന്ത്രിയുടെ അനുവാദത്തോയെയാണ് നിയമലംഘനം നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |