കൊല്ലം: വെളിയത്തിന്റെ വിളക്കാകാൻ വനിതകളുടെ പോരാട്ടമാണ് ഇത്തവണ. സി.പി.ഐയുടെ ജയശ്രീ വാസുദേവൻപിള്ള, കോൺഗ്രസിന്റെ ആർ. സുലോചന, ബി.ജെ.പിയുടെ രമാദേവി എന്നിവരാണ് സ്ഥാനാർത്ഥികൾ. നെടുവത്തൂരിലെ നാല് വാർഡുകൾ, എഴുകോണിലെ രണ്ട്, വെളിയത്തെ 16, കരീപ്രയിലെ 11, ഉമ്മന്നൂരിലെ 9 എന്നിങ്ങനെ അഞ്ച് പഞ്ചായത്തുകളിലെ 42 വാർഡുകൾ ചേരുന്നതാണ് വെളിയം ഡിവിഷൻ.
കേരളാ മഹിളാ സംഘം കൊട്ടാരക്കര മണ്ഡലം സെക്രട്ടറിയും സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗവുമാണ് ജയശ്രീ വാസുദേവൻപിള്ള. ഉമ്മന്നൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അങ്കണവാടി അദ്ധ്യാപികയായ ആർ. സുലോചന കോൺഗ്രസ് നേതൃത്വത്തിൽ സജീവമാണ്. ഉമ്മന്നൂർ പഞ്ചായത്തംഗമായിരുന്നു. കർണ്ണാടക സംഗീതത്തിൽ പ്രതിഭ തെളിയിച്ചിട്ടുണ്ട്. വനിതാ ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ്, സിദ്ധനർ സർവീസ് സൊസൈറ്റി സംസ്ഥാന എക്സിക്യുട്ടീവ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
മഹിളാ മോർച്ച ജില്ലാ വൈസ് പ്രസിഡന്റാണ് അഭിഭാഷകയായ രമാദേവി. മഹിളാ മോർച്ചയുടെ കൊട്ടാരക്കര മണ്ഡലം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
വെളിയം നിലനിറുത്തുമെന്ന് എൽ.ഡി.എഫ് പ്രഖ്യാപിക്കുമ്പോൾ അട്ടിമറി വിജയം നേടുമെന്നാണ് യു.ഡി.എഫ്, ബി.ജെ.പി നിലപാട്. ഇടത് ക്യാമ്പ് വികസനങ്ങൾ ചർച്ചയാക്കുമ്പോൾ സർക്കാരിനെതിരെ ഉയർന്ന വിവാദങ്ങൾ ഉയർത്തിയാണ് ബി.ജെ.പി, യു.ഡി.എഫ് പ്രതിരോധം.
2015ലെ വോട്ട് നില
ജഗദമ്മ ടീച്ചർ (സി.പി.ഐ): 21,375
എം.രാജീവ് (കോൺഗ്രസ്): 13,371
പ്രകാശ് വിലങ്ങറ (ബി.ജെ.പി): 8,730
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |