ലോകത്തിന്റെ മൊഹബത്താണ് ഫുട്ബാൾ. ഈ കളിയിൽ ഒരു കലയുണ്ട്, താളമുണ്ട്, രാഷ്ട്രീയമുണ്ട്, കാല്പനകതയുണ്ട്. അവിടെയാണ് നമ്മുടെയൊക്കെ മനസിൽ സൂപ്പർഹീറോയായി മറഡോണ ഉള്ളത്. മരണ ശേഷവും അങ്ങനെ തന്നെ തുടരും. ഒരു ചേരിയിൽ ജനനം. വലിയ ഉയരുമൊന്നും ഇല്ല. കഷ്ടിച്ച് അഞ്ചര അടി. വീതി കൂടിയ ശരീരം. താളാത്മകമായ ചലനം. കുതിപ്പ്. കിതപ്പില്ലാതെ നേടുന്ന ഗോളുകൾ. ആ നിമിഷങ്ങളിൽ ആഹ്ലാദിക്കുന്ന കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടാകും. അതിനൊരു രാഷ്ട്രീയ വശം കൂടിയുണ്ട്.
രാഷ്ട്രീയം ഫുട്ബാളിനോളം കലർന്ന കളി വേറെ ഇല്ല. അതുകൊണ്ടാണ് പെലെയ്ക്കും മറോഡോണയ്ക്കും ലോകത്തെമ്പാടും ഇത്രത്തോളം ആരാധകരെ ലഭിക്കുന്നത്. അടിച്ചമർത്തപ്പെട്ടവർ അടിച്ചമർത്തിയവരെ ലോകത്തിനു മുന്നിൽ തോല്പിച്ചു കാണിക്കുമ്പോൾ ഉണ്ടാകുന്ന ആവേശം. ആ ആവേശത്തിൽ നിന്നുണ്ടാകുന്ന ആഹ്ലാദം ആരാധനയാകുന്നു. അതാണ് മറഡോണയ്ക്ക് കിട്ടിയത്. മറോഡണയ്ക്കു ലഭിച്ച അംഗീകാരത്തിന്റെ രാഷ്ട്രീയ മനഃശാസ്ത്രം ആണ് അത്.
1986ലെ കളിയാണ് മറഡോണയെ ലോകത്തിന്റെ മുമ്പിൽ സൂപ്പർ ഹീറോ ആക്കിയത്. അന്നാണ് ഫൈനലിൽ ജർമ്മനിയെ തോൽപിച്ചത്. ആ സീസണിൽ തന്നെയാണ് ഇംഗ്ലണ്ടിനെ തോല്പിക്കുന്നത്. അതുകൊണ്ടാണ് ആ കളികൾ ചരിത്ര പ്രസിദ്ധമാകുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള കളിയിൽ നേടിയ രണ്ടു ഗോളുകൾ കണ്ടപ്പോൾ ഉണ്ടായ രോമാഞ്ചം അതനുഭവിക്കേണ്ടതു തന്നെയാണ്. മറ്റ് രാജ്യങ്ങളെ അടിച്ചമർത്തി കോളനികൾ സ്ഥാപിക്കുന്ന ഇംഗ്ലണ്ടിനെയാണ് അർജന്റീന നേരിടുന്നത്. മുതലാളിത്തത്തിനെതിരെയുള്ള നമ്മുടെ രോക്ഷമാണ് നമ്മളെ അർജന്റീനയുടെ ഫാനാക്കുന്നത്. മറഡോണയെ സൂപ്പർ ഹീറോ ആക്കുന്നത്. ലാറ്റിനമേരിക്കൽ ഫുട്ബാളിൽ പരോഷമായിട്ട് രാഷ്ട്രീയം ഉൾച്ചേർന്നിട്ടുണ്ടാകും. താഴേക്കിടയിലുള്ള ഒരാളാണ് ഫുട്ബാളിലൂടെ ഉയർത്തെഴുന്നേൽക്കുകാണ്.
ഏതിർ ടീമിലെ പകുതിയിലേറെ പേരും മറഡോണയെ വളഞ്ഞാലും അവിടെ നിന്നും വഴുതി മാറി ബോളുമായി അവരുടെ പോസ്റ്റിലേക്ക് നീങ്ങും. പാസിലൂടെ കിട്ടുന്ന ബാൾ നിലം തൊടുംമുമ്പെ മറഡോണയുടെ പാദം അതിനെ ദിശമാറ്റി വലകുലുക്കിയിട്ടുണ്ടാകും. അതാണ് മാന്ത്രികത.
ഉയരക്കുറവു പോലും ഒരു സാദ്ധ്യതയാക്കി മാറ്റുന്ന വിദ്യ. മറഡോണയുടെ കളിയഴക് എന്നു പറഞ്ഞാൽ അത് അദ്ദേഹത്തിന്റെ രൂപത്തിന്റെ കൂടി സവിശേഷതാണ്. അതൊക്കെ പഠനവിധേയമാക്കണം. കളിയഴക് മാത്രമല്ല, ഒരു താളബോധം കൂടി മറഡോണയ്ക്കുണ്ട്. പതിയെ തുടങ്ങി ഉച്ചസ്ഥായിലാകുന്ന താളം, ഒന്നിറങ്ങി പെട്ടെന്ന് കയറിപ്പോകുന്ന താളം.
ലാറ്റിനമേരിക്കൽ രാജ്യങ്ങളിലെ നിന്നുള്ള കളിക്കാരിൽ ഒട്ടുമിക്ക പേർക്കും കഷ്ടപ്പാടിന്റെ ഭുതകാലം ഉണ്ടാകും. പരിമതികളോട് മല്ലിട്ട് എത്തി എല്ലാം തികഞ്ഞവരെന്ന് കരുതുന്നവരെ തോൽപ്പിക്കുമ്പോൾ കളി ആസ്വാദകർ മറഡോണയിലൂടെ തങ്ങളെയാണ് കാണുന്നത്.
മറഡോണയുടെ പിൽക്കാല ജീവിതത്തിന്റെ അച്ചടക്കമില്ലായ്മയെ മറക്കാം.
ഒരുകാലത്തിന്റെ വൈകാരിക അടയാളമാണ് മറഡോണ. മറഡോണ ശരിക്കും ഒരു വിശ്വപൗരനാണ് കേവലം അർജന്റീനക്കാരൻ മാത്രമല്ല, എല്ലാവരുടെയും വൈകാരികഅനുഭൂതിയുടെ പ്രതിനിധിയാകുന്ന അപൂർവത അദ്ദേഹത്തിന് സ്വന്തം. എന്തുകൊണ്ട് മറഡോണ? എന്ന ചോദ്യത്തിന് മറുപടിയാണ് ഇതൊക്കെ.