നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പർവതനിര. അതിലൊരു ഭീമാകാരനായ പർവതത്തിന്റെ ഏതാണ്ട് നടുഭാഗത്തായി ഒരു പള്ളി. ദൂരെനിന്നു നോക്കിയാൽ മലയ്ക്കുള്ളിൽനിന്ന് ഒരു പള്ളി പുറത്തേയ്ക്ക് തള്ളിനിൽക്കുന്ന കാഴ്ചയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ഇറ്റാലിയൻ ദേവാലയം ഒരു മലഞ്ചെരിവിലൂടെ താഴേക്ക് തൂങ്ങിക്കിടക്കുന്നതായി തോന്നും. ചരിത്രമല്ല അത് നിൽക്കുന്ന സ്ഥാനത്തിന്റെ സ്ഥാനമാണ് ഈ പള്ളിയെ പ്രശസ്തമാക്കിയത്. ആകാശത്തിനും ഭൂമിക്കും ഇടയിൽ വ്യാപിച്ചുകിടക്കുന്ന നിശബ്ദതയുടെയും ധ്യാനത്തിന്റെയും ഒരിടമാണ് ഈ കൊറോണ ദേവാലയം.
ഇറ്റലിയിലെ ബാൽഡോ പർവതത്തിൽ ലംബമായ ഒരു മലഞ്ചെരിവിലേക്ക് നിർമിച്ച സാന്റുവാരിയോ മഡോണ ഡെല്ല കൊറോണ ലേഡി ഓഫ് ക്രൗൺ വായുവിൽ നിൽക്കുന്നതുപോലെയാണ് ആദ്യം കാണുമ്പോൾ തോന്നുക. വടക്കൻ ഇറ്റലിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നായ സ്പിയാസിയിലെ വന്യജീവി സങ്കേതത്തിലാണ് ഈ അത്ഭുത ദേവാലയം സ്ഥിതിചെയ്യുന്നത്. അഡിഗെ നദിയുടെ താഴ്വര കടന്ന് സമുദ്റനിരപ്പിൽനിന്ന് 774 മീറ്റർ ഉയരത്തിൽ ചുറ്റുമുള്ള പർവതങ്ങളുടെ മദ്ധ്യഭാഗത്തായി നിർമ്മിച്ചിരിക്കുന്ന പള്ളി തീർത്ഥാടകരുടെ മാത്രമല്ല, സഞ്ചാരികളുടെയും പ്രിയപ്പെട്ട സ്ഥലമാണ്.
1530 മുതൽ ഈ പള്ളി ഇവിടെയുണ്ട്. അതിനും മുമ്പേ, ഏകാന്തതയും ആത്മീയതയും തേടിയെത്തിയ സന്യാസികളുടെ അഭയകേന്ദ്രമായിരുന്നു ഇവിടം. പിന്നീട് കന്യാമറിയത്തിന്റെ പേരിൽ പള്ളി പണിതു. വർഷം മുഴുവനും എത്തുന്ന നിരവധി സഞ്ചാരികൾക്കായി തുറന്നുകൊടുത്തിട്ടുണ്ട്.
രണ്ട് രീതിയിൽ പള്ളിയിലേക്ക് പ്രവേശിക്കാം. തീർത്ഥാടനത്തിനും പ്രകൃതിയുടെ മനോഹരമായ കാഴ്ചകൾ കാണാനും ആഗ്രഹിക്കുന്നുവെങ്കിൽ പരമ്പരാഗത വഴിയിലൂടെ പോകുക. ബ്രെന്റിനോ ബെല്ലുനോയിൽ നിന്നുള്ള ഒരു വഴി 'തീർത്ഥാടകരുടെ പാത' എന്നാണ് അറിയപ്പെടുന്നത്. കാൽനടയായി ഏകദേശം 2 മണിക്കൂർ എടുക്കും ഇതിലൂടെ പള്ളിയിലെത്താൻ. 1500 പടികളോടെ 1800 അടി ഉയരം കയറണം ഈ വഴി പോകണമെങ്കിൽ.
ഈ വഴി പോകാൻ സാധിക്കാത്തവർക്ക് പർവതത്തിന് മുകളിലുള്ള സ്പിയാസി ഗ്രാമത്തിൽ നിന്ന് നിർമ്മിച്ച റോഡിലൂടെയും പ്രവേശിക്കാനാകും. ഈ വഴിയിലൂടെ നടന്നും 1922 ൽ പാറയിൽ കുഴിച്ച തുരങ്കത്തിലൂടെയും പള്ളിയിരിക്കുന്ന സ്ഥലത്തെത്താം. ചരിത്രത്തിന്റെയും കലയുടെയും നിരവധി രേഖകൾ ഇവിടെ കാണാൻ കഴിയും. 'ഭൂമിക്കും ആകാശത്തിനുമിടയിൽ സ്ഥിതിചെയ്യുന്ന' ഈ ദേവാലയം ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ചതന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |