തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി. കൊവിഡാനന്തര ചികിത്സകൾക്കായി രണ്ട് ദിവസം മുമ്പാണ് സി.എം.രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് എൻഫോഴ്‌സ്‌മെന്റെ ഡയറക്‌ടറേറ്റ് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് സി.എം.രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ആഴ്ചകളോളം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രവീന്ദ്രന്റെ പരിശോധനാ ഫലം നെഗറ്റീവായി ആശുപ്രതി വിട്ടതിനെ തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി വീണ്ടും നോട്ടീസ് നൽകി. വെള്ളിയാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ കൊവിഡാനന്തര ചികില്‍സകള്‍ക്കായി ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച രവീന്ദ്രന് വിദഗ്ധ ചികിൽസ ആവശ്യമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇത് സംബന്ധിക്കുന്ന മെഡിക്കൽ രേഖകളും അധികൃതർ ഇ.ഡിക്ക് കെെമാറി.
കൊവിഡാന്തര പ്രശ്നങ്ങള്‍ മൂലം ശ്വാസതടസം ഉണ്ടാകുന്നുവെന്നാണ് രവീന്ദ്രൻ ഡോക്ടർമാരെ അറിയിച്ചത്. പരിശോധനയില്‍ രക്തത്തിലെ ഓക്സിജന്‍റെ അളവില്‍ ചെറിയ വ്യതിയാനം കണ്ടെത്തിയെന്നും ഇതിന്‍റെ ചികിത്സയ്ക്കായി സ്റ്റിറോയ്ഡ് നൽകിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ചികില്‍സ തുടങ്ങണമെങ്കില്‍ എക്സ്റേ , സിടി സ്കാനിംഗ് അടക്കം വിദഗ്ധ പരിശോധനകൾ നടത്തണം. അതിനാൽ താൽകാലികമായി കിടത്തി ചികിത്സിക്കേണ്ടി വരുമെന്നുമാണ് ഡോക്ടർമാർ ഇ.ഡിയെ അറിയിച്ചിരുന്നുത്.
അതേസമയം രവീന്ദ്രൻ ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ട സാഹചര്യത്തിൽ അദ്ദേഹത്തിന് ചോദ്യം ചെയ്യല്ലിന് ഹാജരാവാനുള്ള നോട്ടീസ് ഇഡി വീണ്ടും നൽകാനാണ് സാധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |