ന്യൂഡൽഹി:കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ആയിരക്കണക്കിന് കർഷകരുടെ സമരവീര്യം അണപൊട്ടിയ ദില്ലി ചലോ മാർച്ചിൽ രണ്ടാംദിനമായ ഇന്നലെയും സംഘർഷം പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. കർഷകരെ ഡൽഹിയിലേക്ക് വിടാതിരുന്നാൽ കാര്യങ്ങൾ കൈവിടുമെന്ന ഘട്ടത്തിൽ ഡൽഹിയിലെ ബുറാഡി നിരങ്കാരി സമാഗം മൈതാനത്ത് പ്രതിഷേധിക്കാൻ അനുവദിച്ചതോടെയാണ് സംഘർഷം അയഞ്ഞത്.
പ്രക്ഷോഭം കടുത്തതോടെ കേന്ദ്രം ചർച്ചയ്‌ക്ക് സന്നദ്ധത പ്രകടിപ്പിച്ചു. പ്രക്ഷോഭത്തിൽ നിന്ന് പിന്മാറണമെന്ന് അഭ്യർത്ഥിച്ച കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമാർ, ഡിസംബർ 3ന് കർഷക സംഘടനകളെ ചർച്ചയ്‌ക്ക് ക്ഷണിച്ചു.
അതിനിടെ ഹരിയാനയിലെ ഭിവാനിയിൽ ട്രക്ക് ട്രാക്ടറിൽ ഇടിച്ച് ഒരു കർഷകൻ കൊല്ലപ്പെട്ടു. ഡൽഹി-ഹരിയാന അതിർത്തിയിലാണ് ഇന്നലെ കർഷകരും പൊലീസും ഏറ്റുമുട്ടിയത്. കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ച പൊലീസിനെ കല്ലെറിഞ്ഞും വടികൾ കൊണ്ടും സമരക്കാർ തിരിച്ചടിച്ചു. നൂറിലേറെ പേർ അറസ്റ്റിലായി.
റോഡിലെ കോൺക്രീറ്റ് ബാരിക്കേഡുകളും മുൾവേലിയും മറികടക്കാൻ ശ്രമിച്ച കർഷകരെ രാവിലെ കണ്ണീർ വാതക ഷെല്ലുകൾ വർഷിച്ചാണ് പൊലീസ് നേരിട്ടത്. പിന്തിരിഞ്ഞോടിയവർ പുക ശമിച്ചപ്പോൾ തിരിച്ചുവന്ന് കല്ലെറിഞ്ഞു. ഉച്ചയോടെ ഹരിയാന ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഗുർണാം സിംഗ് ചാദുനിയുടെ നേതൃത്വത്തിൽ മുള്ളുവേലിയും കോൺക്രീറ്റ് ബാരിക്കേഡുകളും മറികടന്ന് കർഷകർ കുതിച്ചു. പൊലീസ് തടഞ്ഞതോടെ തെരുവു യുദ്ധമായി. സമരക്കാരെ കൂട്ടത്തോടെ അറസ്റ്റു ചെയ്‌തു നീക്കാൻ എട്ട് സ്റ്റേഡിയങ്ങൾ വിട്ടു നൽകണമെന്ന പൊലീസിന്റെ ആവശ്യം ഡൽഹി സർക്കാർ തള്ളി. തുടർന്നാണ് ബുറാഡിയിൽ പ്രതിഷേധിക്കാൻ അനുമതി നൽകിയത്. പിന്നാലെ, സിംഗുവിലും തിക്രിയിലും റോഡുകൾ തുറന്നു. മുതിർന്ന മന്ത്രിമാരുമായി ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് കിസാൻ മോർച്ച നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
ഉത്തർപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് മാർച്ചിൽ പങ്കെടുക്കുന്നത്. പഞ്ചാബിൽ നിന്ന് വ്യാഴാഴ്‌ച രാത്രി സംഘങ്ങളായി ട്രാക്ടറിലും മറ്റും തിരിച്ച സമരക്കാർ ഹരിയാന വഴി ഇന്നലെ രാവിലെ ഡൽഹി അതിർത്തിയിലെത്തി. ആഴ്‌ചകളോളം താമസിക്കാൻ ഭക്ഷണവും വെള്ളവും അടക്കം എല്ലാ ഒരുക്കങ്ങളുമായാണ് അവരെത്തിയത്. കോൺക്രീറ്റ് ബാരിക്കേഡുകളും മുള്ളുവേലികളും സ്ഥാപിച്ചും മണൽ നിറച്ച ട്രക്കുകൾ കുറുകെയിട്ടും റോഡുകളെല്ലാം പൊലീസ് അടച്ചിരുന്നു. കർഷകർ ട്രാക്‌ടറുകൾ ഉപയോഗിച്ച് ട്രക്കുകളും കോൺക്രീറ്റ് ബാരിക്കേഡുകളും വലിച്ചു മാറ്റി.
സമരക്കാരെ ഡൽഹിയിൽ കടക്കാൻ അനുവദിച്ചതിനെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ് സ്വാഗതം ചെയ്‌തു. കർഷകരുമായി സർക്കാർ ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |