തിരുവനന്തപുരം: കഴക്കൂട്ടം ഫ്ളൈഓവറിന്റെ നിർമ്മാണം ദ്രുതഗതിയിൽ മുന്നേറുമ്പോഴും റോഡിന് കുറുകെയുള്ള 110 കെ.വി വൈദ്യുതി ലൈൻ മാറ്റി പകരം കേബിളിടാനുള്ള അനുമതി വൈകിപ്പിക്കുന്ന ഇറിഗേഷൻ വകുപ്പിന്റെ നടപടി വിവാദത്തിൽ. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിൽ കഴക്കൂട്ടത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആരംഭിച്ച ഫ്ളൈഓവർ നിർമ്മാണത്തിനാണ് വകുപ്പിന്റെ മെല്ലെപ്പോക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. 110 കെ.വി ലൈൻ മാറ്റുമ്പോൾ പകരം ഇടുന്ന ഭൂഗർഭ കേബിൾ ഒരു കൈത്തോടിന് കുറുകെ കൊണ്ടുപോകേണ്ടതുണ്ട്. അതിനുള്ള അനുമതിയാണ് മാസങ്ങളായി ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് നൽകാതിരിക്കുന്നത്. ടെക്‌നോപാർക്കിന് സമീപത്താണ് ഫ്ളൈഓവർ നിർമാണത്തിന് തടസം സൃഷ്ടിക്കുന്ന 110 കെ.വി ലൈൻ റോഡിന് കുറുകെയുള്ളത്. കഴക്കൂട്ടം സബ്സ്റ്റേഷനിൽ നിന്നും റെയിൽവേക്ക് വൈദ്യുതി നൽകുന്ന ലൈനാണിത്. റോഡിന് അപ്പുറവും ഇപ്പുറവുമായി ഉയരമുള്ള ടവറിലാണ് ലൈൻ ബന്ധിപ്പിച്ചിട്ടുള്ളത്. ഫ്ലൈഓവർ വരുന്നതിന് മുമ്പ് ലൈൻ തടസമായിട്ടില്ല. എന്നാൽ ഫ്ളൈഓവർ സ്ഥാപിക്കുന്നത് ഉയരത്തിലായതിനാൽ ലൈൻ തടസമാണ്. ഇത് മാറ്റി പകരം മണ്ണിനടിയിലൂടെ കേബിൾ സ്ഥാപിച്ച് വൈദ്യുതി വിതരണം ചെയ്യാനാണ് കെ.എസ്.ഇ.ബി തീരുമാനിച്ചത്. കഴക്കൂട്ടം സബ്സ്റ്റേഷനിൽ നിന്നും ജംഗ്‌ഷനിലൂടെ കേബിളിട്ട് ബൈ റോഡ് വഴി കൊണ്ടുപോകുമ്പോൾ തെറ്റിയാർ എന്ന കൈത്തോട് മുറിച്ചുകടക്കേണ്ടിവരും. ഇതിനായി തെറ്റിയാറിൽ ചെറിയ പാലം പണിത് അതിന് മുകളിൽ കേബിൾ ഇടാനാണ് ഉദ്ദേശിച്ചത്. ഇതിനായി അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ഇറിഗേഷൻ വകുപ്പ് നടപടി ആരംഭിച്ചിട്ടില്ല. മാസങ്ങൾക്ക് മുമ്പ് നൽകിയ അപേക്ഷയിലെ നടപടിക്ക് തിരഞ്ഞെടുപ്പ് കഴിയട്ടെ എന്നാണ് അധികൃതരുടെ മറുപടി. കേബിൾ സ്ഥാപിച്ച് വൈദ്യുതി വിതരണ സംവിധാനം പൂർത്തീകരിക്കാതെ നിലവിലെ ലൈൻ അഴിച്ചുമാറ്റാൻ കഴിയില്ല. കേബിൾ ഇടാനുള്ള പ്രവൃത്തികൾക്ക് തന്നെ നിരവധി ദിവസത്തെ അദ്ധ്വാനം വേണ്ടിവരും. കേബിൾ ഇടാനുള്ള അനുമതി നൽകാതിരിക്കുമ്പോൾ അത്രയും ദിവസം നിർമ്മാണം ഇഴയും. അതോടൊപ്പം ഫ്ളൈഓവർ നിർമാണം നീണ്ടുപോകുമെന്നതാണ് സ്ഥിതി. ജംഗ്‌ഷനിലടക്കം രണ്ടുമൂന്നിടങ്ങളിൽ എൽ.ടി. ലൈനുകൾ മാറ്റിയിടാനുണ്ട്. അവയുടെയെല്ലാം പണി ഉടൻ ആരംഭിക്കുമെന്ന് ഇലക്ട്രിസിറ്റി ബോർഡ് അധികൃതർ അറിയിച്ചു. കഴക്കൂട്ടം ജംഗ്‌ഷനിലെ ട്രാൻസ്‌ഫോർമർ അടക്കം മാറ്റി സ്ഥാപിക്കും. ഇതൊക്കെ പെട്ടെന്ന് പൂർത്തിയാക്കാൻ കഴിയുമെന്നാണ് റോഡ് നിർമാണ കമ്പനി അധികൃതർ പറയുന്നത്. ക്ലേശകരമായ ജോലികളുള്ള 110 കെ.വി കേബിളിടാനുള്ള തടസം നീക്കിയില്ലെങ്കിൽ റോഡ് നിർമ്മാണം നീണ്ടുപോകുമെന്ന് അവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |