തലശ്ശേരി: കമ്യൂണിസ്റ്റ് ദുർഗ്ഗമായ കോടിയേരി പഞ്ചായത്തിനെ നഗരസഭയുടെ ഭാഗമാക്കിയതിന് ശേഷം തലശ്ശേരി ഇടതുപക്ഷത്തിന്റെ നഗരസഭയാണ്.എതിരാളികൾ പോലും അട്ടിമറി പ്രതീക്ഷിക്കുന്നില്ല.എന്നാൽ അടിയൊഴുക്കുകളേറെയുണ്ടുതാനും.
പുതുമുഖങ്ങളെ അണിനിരത്തിയാണ് സി.പി.എം ഇക്കുറി വോട്ടർമാരെ സമീപിക്കുന്നത്. യു.ഡി.എഫിനെ തോൽപ്പിക്കുന്നതിനൊപ്പം കഴിഞ്ഞ തവണ മികച്ച നേട്ടം കൈവരിച്ച ബി.ജെ.പി.യുടെ സാദ്ധ്യതകളെ പരമാവധി തടയാനുള്ള തന്ത്രങ്ങളും എൽ.ഡി.എഫ് പയറ്റുന്നുണ്ട് .നഗരഭരണം നിലനിർത്തുകയെന്നതിലുപരി പ്രഖ്യാപിത ശത്രുക്കളായ ബി.ജെ.പിയുടെ മുന്നേറ്റത്തെ പരമാവധി തടയുന്നതിലാണ് അവരുടെ ശ്രദ്ധ.
യു.ഡി.എഫിന്റെ പ്രശ്നം സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിന്ന് തുടങ്ങിയതാണ്.അറിയപ്പെടുന്ന സ്ഥാനാർത്ഥികളുടെ അഭാവം മുസ്ലിംലീഗിനേയും കോൺഗ്രസ്സിനേയും ഒന്നുപോലെ അലട്ടുന്നുണ്ട്. മുസ്ലിം ലീഗിലെ പ്രമുഖ നേതാവായ പി.പി. സാജിദ ഇത്തവണ സിറ്റിംഗ് സീറ്റായ പേറ്റംകുന്നിൽ എൽ.ഡി.എഫ്. പിന്തുണയോടെയാണ് മത്സരിക്കുന്നത്. മരിയമ്മൻ വാർഡിലും പ്രവാസിയായ സ്ഥാനാർത്ഥിക്കെതിരെ ലീഗിൽ ശക്തമായ എതിർപ്പ് നിലനിൽക്കുകയാണ്. ഗ്രീൻവിങ്ങ്സ് എന്ന സംഘടനയും ലീഗിന് തലവേദനയായിട്ടുണ്ട്. കോൺഗ്രസിലാകട്ടെ ഗ്രൂപ്പ് വഴക്കിനെത്തുടർന്ന് അറിയപ്പെടുന്ന നേതാക്കളുടെ സാന്നിധ്യം പട്ടികയിൽ ഇടം പിടിച്ചുമില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആറ് സീറ്റുകൾ നേടി അക്കൗണ്ട് തുറന്ന ബി.ജെ.പിക്ക് പക്ഷെ വലിയ പ്രതീക്ഷയാണ് ഇക്കുറി. വെറും മൂന്ന് വോട്ടിന് തോറ്റടക്കം 12 വാർഡുകളിൽ പാർട്ടി രണ്ടാമതുമെത്തിയതാണ്. ഇത്തവണ കോടിയേരി മേഖലയിലടക്കം മന്നേറ്റമുണ്ടാക്കുമെന്നും 20ന് മുകളിൽ സീറ്റുകൾ നേടുമെന്നുമാണ് നേതൃത്വം അവകാശപ്പെടുന്നത്. തുടക്കം മുതൽ ചിട്ടയായ പ്രവർത്തനങ്ങളാണ് എൻ.ഡി.എ നടത്തുന്നത്.
52 അംഗ നഗരസഭയിൽ സി.പി.എം (31), സി.പി.ഐ (3), എൻ.സി.പി.( 1 ), കോൺഗ്രസ് (3), മുസ്ളിം ലീഗ് (7) ,ബി.ജെ.പി (6), വെൽഫെയർ പാർട്ടി (2) എന്നിങ്ങനെയാണ് നിലവിലുള്ള കക്ഷി നില.
അദ്ധ്യക്ഷസ്ഥാനം കാരായിയിലേക്ക്
തലശ്ശേരിയിൽ ചെയർപേഴ്സൺ സ്ഥാനം ചിള്ളക്കരയിൽ നിന്നും മത്സരിക്കുന്ന ഐ. അനിതയായിരിക്കാനാണ് സാദ്ധ്യത. സി.പി.എം.നേതാവ് കാരായി ചന്ദ്രശേഖരന്റെ ഭാര്യയാണിവർ.സി.പി.എം.ഏരിയാ നേതാവ് വാഴയിൽ ശശി വൈസ് ചെയർമാനുമായേക്കും.
ആകെ വാർഡ് 52
സി.പി.എം 31
സി.പി.ഐ 3
കോൺഗ്രസ് 3
ലീഗ് 7
ബി.ജെ.പി 6
വെൽഫെയർ 2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |