SignIn
Kerala Kaumudi Online
Sunday, 17 May 2026 2.58 PM IST

വിജിലൻസിന് ദുഷ്‌ടലാക്കില്ല, തന്റെ വകുപ്പിലും പലതവണ പരിശോധന നടന്നിട്ടുണ്ട്, തോമസ് ഐസക്കിനെ തളളി ജി സുധാകരൻ

g-sudhakaran

തിരുവനന്തപുരം: കെ എസ് എഫ് ഇയിലെ വിജിലൻസ് റെയ്‌ഡിൽ ധനമന്ത്രി തോമസ് ഐസക്കിനെ തളളി മന്ത്രി ജി സുധാകരൻ. വിജിലൻസിന് ദുഷ്‌ലാക്കില്ല. തന്റെ വകുപ്പിലും പലതവണ പരിശോധന നടന്നിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പലതും മാദ്ധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

വിജിലൻസ് റെയ്‌ഡിൽ മുഖ്യമന്ത്രി പറഞ്ഞത് അംഗീകരിച്ചാൽ മതി. തന്റെ വകുപ്പിൽ പരിശോധന നടന്നപ്പോൾ താൻ ഒന്നും മിണ്ടിയിട്ടില്ല. മന്ത്രിമാരെ ബാധിക്കുന്ന വിഷയമല്ലിത്. വിജിലൻസ് നന്നായി പ്രവർത്തിക്കട്ടെ. പ്രതിപക്ഷത്തിന് ഒരു മാങ്ങാത്തൊലിയുമില്ല. ഒടിഞ്ഞ വില്ലാണ് അവരുടേത്. ചില വിജിലൻസ് അന്വേഷണം താൻ ചോദിച്ച് വാങ്ങുന്നുണ്ട്. വിജിലൻസ് അന്വേഷിച്ചാലേ ശരിയാകൂവെന്നും സുധാകരൻ പറഞ്ഞു.

കേന്ദ്ര ഏജൻസി വട്ടമിട്ട് പറന്ന് നടന്നുവെന്ന് വച്ച് വിജിലൻസിനെ പിരിച്ചു വിടണോ. വിജിലൻസ് നന്നായി പ്രവർത്തിക്കണം. കേന്ദ്രത്തിന് നമ്മളെ ഉപദ്രവിക്കാനുള്ള വടി കൊടുക്കലാണ് അത്. അവർ അന്വേഷിച്ചോട്ടെ എന്തു വേണമെങ്കിലും പക്ഷെ ആരേയും ആക്ഷേപിക്കാനായി അന്വേഷിക്കരുത്.

കെ എസ് എഫ് ഇ നല്ല പേരെടുത്ത സ്ഥാപനമാണ്. അവിടെ അന്വേഷണം ഉണ്ടായപ്പോൾ എന്തു കൊണ്ട് എന്ന ചോദ്യം വന്നു അത്രമാത്രം. ഇവിടെ ധനകാര്യ പരിശോധന വിഭാഗവും വിജിലൻസും എല്ലാം വേണം. എങ്കിൽ മാത്രമേ കാര്യങ്ങൾ നന്നായി നടക്കൂ. തന്റെ വകുപ്പിൽ നിന്നാണ് സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ കൊടുക്കുന്നത്. അവർ തെറ്റായി പ്രവർത്തിക്കാതെ നോക്കിയാൽ മതി. അല്ലാതെ അവരുടെ പ്രവർത്തനം തടയാൻ പറ്റുമോ. വിജിലൻസ് റെയ്ഡ് കൊണ്ട് കെ എസ് എഫ് ഇക്ക് എന്ത് സംഭവിക്കാനാണ്. അതൊരു ബൃഹത്തായ സ്ഥാപനമാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

ഊരാളുങ്കൽ സൊസൈറ്റിയിൽ നടന്ന പരിശോധനയിൽ ഒരു കാര്യവുമില്ല. അത് തനിക്ക് പറയാൻ പറ്റും. എൻഫോഴ്‌സ്‌മെന്റ് പോയി നോക്കിയെന്നേ ഉളളൂ,അവിടെയൊന്നുമില്ല. ഊരാളുങ്കലിന് ഏറ്റവും കൂടുതൽ നിർമ്മാണം കൊടുത്തത് യു ഡി എഫ് സർക്കാരാണ്. മലപ്പുറത്തെ ആറ് മണ്ഡലങ്ങൾക്കായി എഴുന്നൂറ് കോടി രൂപയാണ് കൊടുത്തത്.

ആറാട്ടുപുഴ തെക്കേക്കര മുതൽ കൊല്ലം വരെ 162 കോടിയുടെ റോഡ് പദ്ധതി യു ഡി എഫ് സർക്കാരിന്റെ കാലത്ത് ഊരാളുങ്കലിന് കൊടുത്തു. അതു പിന്നെ നടപ്പാക്കിയത് തന്റെ കാലത്താണ്. ഫെബ്രുവരിയിൽ ആ പദ്ധതി ഉദ്ഘാടനം ചെയ്യും. കോർപ്പറേറ്റ് കമ്പനികൾക്ക് ഇത്തരം രാഷ്ട്രീയമൊന്നുമില്ല. അവർക്ക് ബിസിനസാണ് പ്രധാനം. കൈക്കൂലിയായി അഞ്ച് നയാപൈസ അവർ ആർക്കും കൊടുക്കില്ല. മണ്ഡലത്തിലെ പദ്ധതികളെല്ലാം അവർ ഏറ്റെടുത്താൽ മതിയെന്നാണ് എല്ലാ എം എൽ എമാരും പറയുന്നത്. കേരളത്തിൽ ഇത്തരം നിർമ്മാണ കമ്പനികൾ കുറവാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: G SUDHAKARAN, THOMAS ISSAC, CPM, KSFE RAID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA