തിരുവനന്തപുരം: നരേന്ദ്രമോദിയുടെ വികസനം പൂർണ്ണമായും തിരുവനന്തപുരം കോർപ്പറേഷനിൽ എത്തണമെങ്കിൽ എൻ.ഡി.എക്ക് കോർപ്പറേഷൻ ഭരണം ലഭിക്കണമെന്ന് കേന്ദ്ര വിദേശ- പാർലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരൻ. ദേശീയപാതയുടെ വികസനം, വിമാനത്താവള വികസനം, വിഴിഞ്ഞം തുറമുഖ നിർമ്മാണം എന്നീ സാധ്യതകൾ ഉപയോഗിച്ചാൽ ദക്ഷിണേന്ത്യയുടെ തന്നെ മുഖച്ഛായ മാറ്റാൻ തിരുവനന്തപുരത്തിന് സാധിക്കുമെന്ന് എൻ.ഡി.എ തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭ ഈ കാര്യത്തിൽ മാതൃകയാണ്. ഒരു ലക്ഷം മാത്രം ജനസഖ്യയുള്ള പാലക്കാട് 5 കൊല്ലത്തിനിടെ 3500 വീടാണ് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ലഭിച്ചത്. 13 ലക്ഷം ജനസംഖ്യയുള്ള തിരുവനന്തപുരത്ത് വെറും 10,000 വീടാണ് പണിതത്. എൻ.ഡി.എ ആയിരുന്നു ഭരിച്ചതെങ്കിൽ കുറഞ്ഞത് 35,000 വീടുകളെങ്കിലും നിർമ്മിക്കുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുടിവെള്ളം തിരുവനന്തപുരത്ത് വലിയ പ്രശ്നമാണ്. എല്ലാവർക്കും കുടിവെള്ളം എന്ന സ്വപ്നം പ്രാവർത്തികമാക്കാൻ മോദി സർക്കാർ കേന്ദ്രത്തിൽ ജലശക്തി വകുപ്പ് രൂപീകരിച്ചു. പാലക്കാട് നഗരസഭയ്ക്ക് 6,500 വീടുകളിൽ വെള്ളം എത്തിക്കാനും സാധിച്ചു. എന്നാൽ തിരുവനന്തപുരത്തിൻ്റെ സ്ഥിതി എന്താണ്? ഇങ്ങനെയൊരു പദ്ധതിയെ പറ്റി തിരുവനന്തപുരത്തുകാർ കേട്ടിട്ടുണ്ടോയെന്നും വി.മുരളീധരൻ ചോദിച്ചു.
30 വർഷത്തിനപ്പുറത്ത് 2050 ൽ പാലക്കാട് എന്താവണമെന്ന പഠനം നടത്തി അതിന് വേണ്ടി പ്രവർത്തിക്കുന്ന നഗരസഭാ ഭരണകൂടമാണ് അവിടെയുള്ളത്. 2014ൽ ഒ.രാജഗോപാലിനെ വിജയിപ്പിച്ച് മോദി സർക്കാരിലെ പ്രതിനിധിയാക്കാനുള്ള ഒരു സുവർണാവസരം തിരുവനന്തപുരത്തിന് ലഭിച്ചിരുന്നു. എന്നാൽ തിരുവനന്തപുരത്തുകാർ അന്ന് കബളിപ്പിക്കപ്പെട്ടു. ഇനിയും കബളിക്കപ്പെടാൻ തിരുവനന്തപുരത്തുകാർ തയ്യാറല്ല. വി.മുരളീധരൻ പറഞ്ഞു.
സിംഗപൂർ ഹൈക്കമ്മീഷണർ തിരുവനന്തപുരത്ത് നിക്ഷേപം നടത്താനുള്ള താത്പര്യം അറിയിച്ചിരുന്നു. എന്നാൽ വിമാനത്താവളത്തിൻ്റെ വികസനമില്ലായ്മ കാരണം ഒന്നും നടന്നില്ല. വിദേശ നിക്ഷേപങ്ങളിലൂടെയുള്ള നിരവധി വികസന പദ്ധതികളാണ് വിമാനത്താവളത്തിന്റെ സൗകര്യമില്ലായ്മ കാരണം തലസ്ഥാനത്തിന് നഷ്ടമായത്. എന്നിട്ടും ഇടത്-വലത് മുന്നണികൾ ഇപ്പോഴും വിമാനത്താവള വികസനത്തെ എതിർക്കുകയാണെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |