തിരുവനന്തപുരം: ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിലെ അപകടസാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങിയതായി കളക്ടർ നവജ്യോത് ഖോസ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാതല അവലോകനത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ. ജില്ലയിൽ നിന്നും മത്സ്യബന്ധനത്തിനുപോയ മുഴുവൻ ആളുകളും ഇന്നലെ രാത്രിയോടെ തിരിച്ചെത്തി. 180 ക്യാമ്പുകളാണ് റവന്യൂ വകുപ്പ് ജില്ലയിൽ തയ്യാറാക്കിയിട്ടുള്ളത്. 11,050 ആളുകളെ ഈ ക്യാമ്പുകളിൽ സുരക്ഷിതമായി പാർപ്പിക്കാനാകുമെന്ന് കളക്ടർ പറഞ്ഞു. തിരുവനന്തപുരം താലൂക്കിൽ 48 ക്യാമ്പുകളിലായി 1,550 പേരെ മാറ്റിപ്പാർപ്പിക്കാൻ കഴിയും. ചിറയിൻകീഴിൽ 30 ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 1,800 പേരെ മാറ്റിപ്പാർപ്പിക്കാനാകും. മറ്റു താലൂക്കുകളിലെ ക്യാമ്പുകളും പാർപ്പിക്കാനാകുന്ന ആളുകളുടെ ശേഷിയും ഇങ്ങനെ; വർക്കല 46 (600), നെടുമങ്ങാട് 19 (3,800), കാട്ടാക്കട 12 (1,000), നെയ്യാറ്റിൻകര 25 (2,300).
സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണം
ജില്ലയിൽ പതിവായി കാലവർഷക്കെടുതി നേരിടുന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലങ്ങളിലും താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്ന് കളക്ടർ പറഞ്ഞു. സുരക്ഷിതാവസ്ഥയിലല്ല എന്നു തോന്നുന്ന എല്ലാവരും സ്വമേധയാ മുന്നോട്ടുവന്നു സർക്കാർ സംവിധാനങ്ങളുടെ സഹായം തേടണം.
24 മണിക്കൂർ പ്രവർത്തനം
ചുഴലിക്കാറ്റ് കണക്കിലെടുത്ത് ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളും 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ആവശ്യത്തിനു മെഡിക്കൽ ടീം, മരുന്ന്, ആംബുലൻസുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്.) ഒരു യൂണിറ്റ് ജില്ലയിലെത്തി. അടിയന്തര സാഹചര്യം നേരിടാൻ കര - നാവിക - വ്യോമ സേനകളുടെ സഹായം തേടിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.
ജില്ലയിലെ മുന്നൊരുക്കങ്ങൾ
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ആരും കടലിൽ പോകരുത്
മലയോര മേഖലയിൽ മണ്ണിടിച്ചിലിനു സാദ്ധ്യതയുള്ളതിനാൽ
ഈ പ്രദേശങ്ങളിലേക്ക് യാത്ര ഒഴിവാക്കണം
വൈകിട്ട് അഞ്ചിനുശേഷമുള്ള യാത്ര പൂർണമായി ഒഴിവാക്കണം
ഇന്നു മുതൽ 48 മണിക്കൂർ സമയം ജനങ്ങൾ അനാവശ്യമായി
പുറത്തിറങ്ങുന്നത് ഒഴിവാക്കണം.
വൈദ്യുതി വിതരണശൃംഖലയിൽ കെ.എസ്.ഇ.ബിയുടെ
എല്ലാ സർക്കിളുകളിലും ദ്രുതകർമ സേന രൂപീകരിച്ചു.
വാർത്താവിനിമയ സംവിധാനങ്ങൾ തടസമില്ലാതെ പ്രവർത്തിപ്പിക്കാൻ
അടിയന്തര നടപടികൾ പൂർത്തിയാക്കാൻ ബി.എസ്.എൻ.എല്ലിനും നിർദ്ദേശം നൽകി
ക്യാമ്പുകളിൽ ഭക്ഷണവും വെള്ളവുമെത്തിക്കാൻ സിവിൽ സപ്ലൈസ്
വകുപ്പിനും വാട്ടർ അതോറിട്ടിക്കും നിർദ്ദേശം നൽകി
നഗരത്തിൽ റാപ്പിഡ് റെസ്‌പോൺസ് ടീം
ജില്ലയിൽ പതിവായി വെള്ളക്കെട്ടുണ്ടാകുന്ന തിരുവനന്തപുരം നഗരത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു കോർപറേഷന്റെ നേതൃത്വത്തിൽ 10 ദ്രുതകർമ സേനാംഗങ്ങൾ 24 മണിക്കൂറും പ്രവർത്തനസജ്ജമായിരിക്കും. 150 സന്നദ്ധ സേനാംഗങ്ങളെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു തയ്യാറാണ്. അപകടകരമായ സാഹചര്യത്തിൽ നിൽക്കുന്ന മരച്ചില്ലകൾ വെട്ടിയൊതുക്കുന്നതിനും ബോർഡുകളുടെയും ഹോർഡിംഗുകളുടെയും ബലം ഉറപ്പുവരുത്തുന്നതിനും കോർപറേഷൻ അധികൃതർക്കു നിർദ്ദേശം നൽകി. വെള്ളക്കെട്ട് നിവാരണത്തിന് കോർപറേഷന്റെ നാല് ജെ.സി.ബികൾ ലഭ്യമാക്കിയിട്ടുണ്ട്. ഹൈപവർ ജെറ്റ് പമ്പുകളും സജ്ജമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |