സി.പി.എമ്മിനെതിരെ സി.പി.ഐയും മത്സര രംഗത്ത്
ചെർപ്പുളശേരി: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ വല്ലപ്പുഴ പഞ്ചായത്തിൽ നടക്കുന്നത് മുന്നണികൾ തമ്മിൽ ഇഞ്ചോടിഞ്ച് മത്സരം. ഭരണം പിടിച്ചെടുക്കാനാണ് എൽ.ഡി.എഫ് പോരാട്ടമെങ്കിൽ നിലനിറുത്താനുള്ള അഭിമാന പോരാട്ടത്തിലാണ്
യു.ഡി.എഫ്. സി.പി.എമ്മിനെതിരെ സി.പി.ഐ.യും മത്സര രംഗത്തുള്ളത് സ്ഥിതി പ്രവചനാതീതമാക്കുന്നു.
16 വാർഡിൽ നാലിടത്ത് സി.പി.എമ്മിനെതിരെ സി.പി.ഐ സ്ഥാനാർത്ഥികളെ നിറുത്തി. വാർഡ് മൂന്ന്-അപ്പംകണ്ടം, ആറ്-ചുങ്കപ്പിലാവ്, എട്ട്-ഉള്ളാമ്പുഴ, ഒമ്പത്-മാട്ടായ എന്നിവിടങ്ങളിലാണ് സി.പി.ഐ- സി.പി.എം സ്ഥാനാർത്ഥികൾ നേരിട്ട് ഏറ്റുമുട്ടുന്നത്.
മുന്നണികൾ ആശങ്കയിൽ
എസ്.ഡി.പി.ഐ, വെൽഫെയർ സ്ഥാനാർത്ഥികളും ചേരുന്നതോടെ അങ്കം കടുക്കും. മൂന്ന്, അഞ്ച്,13 വാർഡുകളിലാണ് എസ്.ഡി.പി.ഐ സ്ഥാനാർത്ഥികളെ നിറുത്തിയത്. നാലാംവാർഡിലാണ് വെൽഫെയർ പാർട്ടി മത്സരിക്കുന്നത്. ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള ഈ വാർഡുകളിൽ മുന്നണികൾക്ക് കടുത്ത വെല്ലുവിളിയാകും എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ.
വാർഡ് 12 ചൂരക്കോട് യു.ഡി.എഫിന് വെല്ലുവിളിയായി വിമത കോൺഗ്രസ് പക്ഷത്തുനിന്നുള്ള നുസൈബ മുത്തുക്കാസും മത്സരിക്കുന്നു. മുന്നണികൾക്ക് ശക്തമായ വെല്ലുവിളിയാണ് ചെറുപാർട്ടികളുടേയും വിമതരുടേയും സ്വാധീനം.
ബി.ജെ.പി.യും ശക്തി തെളിയിക്കാൻ സജീവമായി രംഗത്തുണ്ട്. രണ്ടു മെമ്പർമാരുണ്ടായിരുന്ന ബി.ജെ.പി സീറ്റ് വർദ്ധിപ്പിക്കാനുള്ള പോരാട്ടത്തിലാണ്. 13 വാർഡുകളിലാണ് സ്ഥാനാർത്ഥികളെ നിറുത്തിയിരിക്കുന്നത്.
58 സ്ഥാനാർത്ഥികൾ
ആകെ 58 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. കഴിഞ്ഞ തവണ യു.ഡി.എഫ്-പത്ത്, എൽ.ഡി.എഫ്-നാല്, ബി.ജെ.പി-രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷി നില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |