കോലഞ്ചേരി: മൈക്ക് അനൗൺസ്മെന്റുകളും പാരഡി ഗാനങ്ങളുമിട്ട് തിരഞ്ഞെടുപ്പ് പ്രചരണം തകർത്തോളൂ. എന്നാൽ സ്കൂളിന് അടുത്തെത്തുമ്പോൾ ശബ്ദം ഇത്തിരി കുറയ്ക്കണേ. കുട്ടികൾ എത്തുന്നില്ലെങ്കിലും സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. വിഷമത്തോടെ ഇത് പറയുന്നത് മറ്റാരുമല്ല. അദ്ധ്യാപകർ തന്നെ. കുട്ടികൾക്കായുള്ള ഓൺലൈൻ ക്ലാസുകളും വീഡിയോ റെക്കാഡിംഗുകളുമെല്ലാം സ്കൂളുകൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഇതിനിടെ ഉച്ചത്തിൽ
തിരഞ്ഞെടുപ്പ് പ്രചരാണ വാഹനങ്ങൾ ഒന്നിന് പുറകെ ഒന്നായി കടന്ന് പോകുന്നതാണ് അദ്ധ്യാപകരെ ദുരിതത്തിലാക്കിയിരിക്കുന്നത്. പലരും മണിക്കൂറുകളെടുത്താണ് റെക്കാർഡിംഗ് പൂർത്തിയാക്കുന്നത്.
കഴിഞ്ഞ ആഴ്ചകളിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണളായിരുന്നതിനാൽ ജോലിയെ ബാധിച്ചിരുന്നില്ലെന്നും. പ്രചരണം മൂന്നാം ഘട്ടത്തിലേക്ക് കടന്നതോടെയാണ് ഉച്ചഭാഷണികൾ വില്ലനായതെന്നും അദ്ധ്യാപകർ പറയുന്നു.
ഉച്ചഭാഷിണി ഉപയോഗം സംബന്ധിച്ച മാർഗരേഖകൾ ഉണ്ടെങ്കിലും ആരും ഇത് പാലിക്കാറില്ല.
മേഖലയും -ഡസിബലും
വ്യവസായിക മേഖല - 75 ഡസിബൽ (പകൽ ) - 70 ഡസിബൽ (രാത്രി )
വാണിജ്യ മേഖല - 65 ഡസിബൽ (പകൽ ) - 55 ഡസിബൽ (രാത്രി )
ആവാസ മേഖല - 55 ഡസിബൽ (പകൽ ) - 45 ഡസിബൽ (രാത്രി )
പിടിവീഴാതിരിക്കാൻ
ഒരു വാഹനത്തിൽ രണ്ടിൽ കൂടുതൽ ബോക്സുകൾ പ്രവർത്തിപ്പിക്കരുത്. ഉച്ചഭാഷിണികൾ ആംമ്പ്ളിഫയറിൽ നിന്നും 300 മീറ്ററിനപ്പുറം ഘടിപ്പിക്കരുത്. അടച്ചുകെട്ടിയ ഓഡിറ്റോറിയം, കോൺഫറൻസ് മുറികൾ, കമ്യൂണിറ്റി ഹാൾ, സദ്യാലയങ്ങൾ, എന്നിവടങ്ങളിൽ ഒഴികെ മറ്റൊരിടത്തും രാത്രി 10 ന് ശേഷവും രാവിലെ 6 ന് മുമ്പും ഉച്ചഭാഷണികൾ പ്രവർത്തിപ്പിക്കാൻ പാടില്ല. ആശുപത്രികൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, പബ്ലിക് ഓഫീസുകൾ, വന്യജീവി സങ്കേതം എന്നിവയുടെ നൂറുമീറ്റർ ചുറ്റളവിലും ഉച്ചഭാഷണിക്ക് വിലക്കുണ്ട്. അതേമയം ജനസഞ്ചാരമുള്ള, പൊതുനിരത്തുകളിൽ ഗതാഗതത്തിന് അസൗകര്യം ഉണ്ടാകുന്ന രീതിയിലും പൊതുജനത്തിന് അരോചമാകുന്ന രീതിയിലും കവലകളിലും ഉച്ചഭാഷിണി ഉപയോഗിക്കരുത്. പൊതുപരിപാടികൾക്ക് അനുവദിച്ചിരിക്കുന്ന ഉച്ചഭഷിണികൾ ആ പരിപാടിയിൽ പങ്കെടുക്കുന്നവർ മാത്രം കേൾക്കുന്ന വിധം ക്രമീകരിക്കണം. നിബന്ധനകൾ ലംഘിച്ചാൽ ഉച്ചഭാഷിണിയുടെ പ്രവർത്തനം നിർത്തി വയ്ക്കുകയും ബന്ധപ്പെട്ടവരുടെ ലൈസെൻസ് റദാക്കുകയും ചെയ്യാം. ഉച്ചഭാഷിണി വാഹനത്തിലാണ് സ്ഥാപിച്ചിട്ടുള്ളതെങ്കിൽ അതിന്റെ ഡ്രൈവർ, സംഘാടകർ എന്നിവർ ശിക്ഷാർഹരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |