തീറ്റയിനത്തിലും ചിലവ് വർദ്ധിച്ചു
ആലപ്പുഴ : ആട് വളർത്തൽ പരിപാലന പദ്ധതികൾ നിരവധിയുണ്ടെങ്കിലും ജില്ലയിൽ കർഷകരുടെ പരാതിക്ക് കുറവില്ല. നഗരപരിധിയിൽ ആട് വളർത്തൽ നടത്തുന്ന കർഷകരാണ് ആനുകൂല്യങ്ങളോ സഹായമോ ലഭിക്കാതെ കഷ്ടപ്പെടുന്നത്.
മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള പദ്ധതികൾക്ക് പുറമേ അതത് പഞ്ചായത്തുകളിലും ആട് വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. കൃഷി സംബന്ധമായി അനുവദിക്കുന്നതിന് ആവശ്യമായ ഫണ്ടോ പദ്ധതികളോ ഇല്ലാത്തതാണ് മുനിസിപ്പൽ പരിധികളിലെ കർഷകർക്ക് തിരിച്ചടിയാകുന്നത്. ഇത്തരം കർഷകർക്ക് ആട്ടിൻ കൂട് നിർമ്മാണത്തിനോ, മൃഗങ്ങളുടെ ചികിത്സയ്ക്കോ യാതൊരു ആനുകൂല്യങ്ങളും തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്നില്ല. ആടുകളുടെ തീറ്റ ഇനത്തിലാണ് വലിയ തുക മാസാമാസം ചിലവാകുന്നത്.
ദിവസം രണ്ട് നേരം കൈത്തീറ്റ നൽകേണ്ടതുണ്ട്. പുഷ്ടിയോ പിണ്ണാക്കുകളുടെ മിശ്രിതമോ ആണ് കൈത്തീറ്റയായി നൽകുന്നത്. 50 കിലോ പിണ്ണാക്കിന് 1200 രൂപ വില വരും. ആടുകളുടെ എണ്ണം കൂടുന്നതോടെ ഭക്ഷണയിനത്തിൽ ചിലവ് വർദ്ധിക്കും. വളർത്താനായി ആടുകളെ കർഷകരിൽ നിന്ന് വാങ്ങുന്നവരുടെ എണ്ണം കുറവാണ്. ഇറച്ചി ആവശ്യത്തിനാണ് ഭൂരിഭാഗം പേരും വാങ്ങുന്നത്. മാർക്കറ്റിൽ ആട്ടിറച്ചിക്ക് വില കൂടുതലാണെങ്കിലും ആനുപാതികമായ വില കർഷകർക്ക് പലപ്പോഴും ലഭിക്കാറില്ല. ഇടനിലക്കാർ വിലപേശിയാണ് കർഷകരിൽ നിന്ന് ആടുകളെ വാങ്ങുന്നത്.
ആടു വളർത്തലിനുള്ള പദ്ധതികൾ
ഗോട്ട് സാറ്റലൈറ്റ് പദ്ധതി
അഞ്ച് പെൺ ആടുകളും ഒരു മുട്ടനാടും, കൂടും, തീറ്റയും ഉൾപ്പടെ 50,000 രൂപയുടെ സ്കീം. 25,000 രൂപ സബ്സിഡി ലഭിക്കും. ജില്ലയിൽ 50 യൂണിറ്റുകളാണ് വിതരണം ചെയ്യുന്നത്.
എൻ.എൽ.എം ഗോട്ട് പദ്ധതി
കേന്ദ്രസർക്കാരിന്റെ പദ്ധതി പ്രകാരം 10 പെണ്ണാടുകളെയും, ഒരു മുട്ടനാടിനെയും 66000 രൂപയ്ക്ക് നഷകുന്ന പദ്ധതി. 59,400 രൂപ സബ്സിഡി ലഭിക്കും.
150 : റീബിൾഡ് കേരള പദ്ധതി പ്രകാരവും ജില്ലയിൽ 150 ആട് വളർത്തൽ യൂണിറ്റുകൾക്ക് സഹായം നൽകി.
''ഷെഡ് പുതുക്കി വെയ്ക്കുന്നതിനും, പ്രതിമാസം തീറ്റഇനത്തിലും വലിയ തുക ചിലവാകുന്നുണ്ട്. എന്നാൽ മുനിസിപ്പാലിറ്റിയിൽ നിന്നോ മൃഗസംരക്ഷണ വകുപ്പിൽ നിന്നോ യാതൊരു സഹായവും ലഭിച്ചിട്ടില്ല.
- മഹേഷ്, ആട് കർഷകർ, പഴവീട്
''കൊവിഡ് പ്രതിസന്ധി മൂലം ഗൾഫ് നാടുകളിൽ നിന്നടക്കം മടങ്ങിവന്ന പലരും ആട് വളർത്തലിലേക്ക് കടന്നിട്ടുണ്ട്. സബ്സിഡിയോടെയുള്ള പദ്ധതികൾ കർഷകർക്ക് ആശ്വാസകരമാണ്.
- ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |