SignIn
Kerala Kaumudi Online
Saturday, 25 April 2026 8.27 AM IST

'കൊലപാതകത്തിന് മുമ്പ് സിസ്റ്റർ അഭയ ബലാത്സംഗത്തിന് ഇരയായിരുന്നു'; അഭയയുടെ അപ്പൻ നിസഹായൻ ആയി സംസാരിച്ചത് ഇന്നും തന്റെ കാതിൽ മുഴങ്ങുന്നുണ്ടെന്ന് മാദ്ധ്യമപ്രവർത്തകൻ

Increase Font Size Decrease Font Size Print Page

abhaya-case

അഭയ കേസിൽ ഫാ തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും ശിക്ഷിക്കപ്പെട്ടെങ്കിലും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാണ്. മരണത്തിന് മുമ്പ് അഭയ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നൊരു വാർത്ത പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു. ശ്രീജൻ ബാലകൃഷ്‌ണൻ പുറത്തുകൊണ്ടുവന്ന ഈ വാർത്തയ്‌ക്ക് പിന്നാലെയാണ് അഭയ കേസിന്റെ അന്വേഷണം വീണ്ടും സജീവമായത്.

വലിയ തോതിൽ സ്വാധീനം ഉളള ആൾക്കാർ എന്ത് തരം കൃത്രിമവും കാട്ടി കേസ് അട്ടിമറിക്കാൻ ശ്രമിച്ചിരുന്നു എന്ന വസ്തുത അരക്കിട്ട് ഉറപ്പിച്ച രേഖയായിരുന്നു അന്നത്തെ പത്രവാർത്ത. സി ബി ഐയെ നേർവഴിക്ക് നയിക്കാൻ തയാർ ആയി നിന്ന കോടതിക്ക് അതിന് പറ്റിയ ഒരു വടി നൽകിയ വസ്‌തുത എന്ന നിലയിലും വാർത്ത ശ്രദ്ധേയമായി. തിരിഞ്ഞു നോക്കുമ്പോൾ ആ വാർത്ത നിറവേറ്റിയത് നിർണായകമായ ഒരു ദൗത്യം ആണെന്ന് മനസിലാക്കുന്നുവെന്നാണ് ശ്രീജൻ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നത്.

കൊലക്കേസ് തന്നെ തെളിയിക്കാൻ പാട് പെട്ടിരുന്ന സമയത്ത് ബലാത്സംഗം കൂടെ ചേർത്ത് കേസ് സങ്കീർണം ആക്കാൻ സി ബി ഐക്ക് താത്പര്യം ഉണ്ടായിരുന്നില്ല. സിസ്റ്റർ അഭയയുടെ മാതാപിതാക്കൾ അന്ന് അത്തരം ഒരു സാദ്ധ്യതയെ ശക്തമായി എതിർത്തിരുന്നു. 15 വർഷം മുമ്പ് മരിച്ച മകളുടെ മാനം ചോദ്യം ചെയ്യുന്ന ഒരു സാഹചര്യം അവർക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. അഭയയുടെ അപ്പൻ നിസഹായൻ ആയി സംസാരിച്ചത് ഇന്നും തന്റെ കാതിൽ മുഴങ്ങുന്നുണ്ടെന്നും ശ്രീജൻ തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു. വാർത്തയുമായി ബന്ധപ്പെട്ട് സി ബി ഐയുടെ ചോദ്യം ചെയ്യൽ ഉൾപ്പടെയുളള കാര്യങ്ങൾ വിസ്‌തരിച്ചാണ് അദ്ദേഹം കുറിപ്പ് എഴുതിയിരിക്കുന്നത്.

ശ്രീജൻ ബാലകൃഷ്‌ണന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഊർജ പ്രവാഹത്തിൽ ഒഴുകി നടക്കുന്ന അവസ്ഥയിൽ ആയിരുന്നു കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങൾ. 'മാധ്യമ മലരൻ' എന്നല്ലാതെ ആരെങ്കിലും സംബോധന ചെയ്തു കേട്ടിട്ട് മാസങ്ങൾ ആയത് കൊണ്ട് തന്നെ ഇതൊക്കെ സത്യം ആണോ എന്ന് അതിശയിച്ച് പോയി ആദ്യം. നേരിട്ടും സാമൂഹിക മാധ്യമങ്ങളിലൂടെയും നല്ല വാക്കുകൾ പറഞ്ഞ സുഹൃത്തൂക്കളും പരിചയക്കാരും അപരിചിതരും ബന്ധുക്കളും ആയ എല്ലാ പേർക്കും Newslaundry, Indian Journalism Review പോർട്ടലുകൾക്കും ഹൃദയത്തിൻ്റെ ഭാഷയിൽ തന്നെ നന്ദി പറയട്ടെ. മറ്റേതൊരു sunset industry യിലും എന്ന പോലെ covid ഏൽപിച്ച ആഘാതം നിത്യേന തൊഴിൽ രംഗത്ത് നേരിടുന്ന ഒരാൾക്ക്, ഈ സമയത്ത് നിങ്ങൾ ഓരോരുത്തരും നൽകിയ പിന്തുണ വിലമതിക്കാൻ ആവാത്തത് ആണ്.
സത്യത്തിൽ ഈ അഭിനന്ദനവും കൊണ്ടാടലും ഒട്ടുമേ തന്നെ അർഹിക്കാത്ത ഒരാൾ ആണ് ഞാൻ. സിസ്റ്റർ അഭയ കേസിൽ ഇപ്പൊൾ ഉണ്ടായ പരിസമാപ്തി ജോമോൻ പുത്തൻപുരയ്ക്കലിൻ്റെ നിശ്ചയദാർഢ്യം, ജുഡീഷ്യൽ ഓഫിസർമാരായ കെ കെ ഉത്തരൻ, ആൻ്റണി മൊറായിസ്, പി ഡി ശാരങ്ങധരൻ, എസ് സോമൻ, കെ സനിൽകുമാർ എന്നിവരുടെ ഉന്നതമായ കർത്തവ്യ ബോധം, ആർ എം കൃഷ്ണ, ആർകെ അഗർവാൾ, എം നന്ദകുമാർ തുടങ്ങിയ സിബിഐ ഉദ്യോഗസ്ഥരുടെ അർപണബോധം, രാജുവിനെ പോലുള്ള നിസ്വരായ ചില സാക്ഷികളുടെ നീതിബോധം, പ്രോസിക്യൂട്ടർ എം നവാസിൻ്റെ കഠിനാധ്വാനം, പിന്നെ നിശബ്ദരാക്കപ്പെട്ട നൂറു കണക്കിന് വിശ്വാസികളുടെ മൗന പ്രാർഥന എന്നിവയുടെ ഒക്കെ ആകെ തുക ആണ്.
2007 ഏപ്രിൽ 12 ന് ഞാൻ എഴുതി The New Indian Express ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ഒരു വാർത്തക്ക് 28 വർഷത്തെ ചരിത്രത്തിലെ ഒരു ചെറിയ കണ്ണി എന്നതിന് അപ്പുറം എന്തെങ്കിലും പ്രാധാന്യം സാധാരണ ഗതിയിൽ ഉണ്ടാവേണ്ടത് അല്ല; പ്രത്യേകിച്ചും അതിൽ ഉന്നയിച്ച വിഷയം 'Sister Abhaya was Raped and Murdered' സിബിഐ പിന്നീട് അനീഷിച്ച് ക്ലോസ് ചെയ്ത കേസ് ആകുമ്പോൾ.
പക്ഷേ, 15 വർഷം നിർജീവമായി നിന്നിരുന്ന ഒരു കൊലക്കേസ് അന്വേഷണം പെട്ടെന്ന് സജീവം ആക്കാൻ സഹായിച്ച വാർത്ത എന്ന നിലയിൽ, വലിയ തോതിൽ സ്വാധീനം ഉള്ള ആൾക്കാർ എന്ത് തരം കൃത്രിമവും കാട്ടി കേസ് അട്ടിമറിക്കാൻ ശ്രമിച്ചിരുന്നു എന്ന വസ്തുത അറക്കിട്ട് ഉറപ്പിച്ച രേഖ എന്ന നിലയിൽ, സിബിഐ യെ നേർവഴിക്ക് നയിക്കാൻ തയാർ ആയി നിന്ന കോടതിക്ക് അതിന് പറ്റിയ ഒരു വടി നൽകിയ വസ്തുത എന്ന നിലയിൽ , മുഖ്യാധാര മാധ്യമങ്ങളെ അപ്പാടെ വീണ്ടും ഈ കേസിലേക്ക് ആകർഷിച്ച് കൊണ്ട് വന്ന ചൂണ്ട എന്ന നിലയിൽ അന്നത്തെ ബ്രേക്കിംഗ് ന്യൂസ് നിറവേറ്റി യത് നിർണായകമായ ഒരു ദൗത്യം ആണെന്ന് തിരിഞ്ഞു നോക്കുമ്പോൾ മനസ്സിലാക്കുന്നു.
ഇന്നലെയും മിനിയാന്നും ആയി പലരും സ്വകാര്യമായി ചോദിച്ച ഒരു ചോദ്യം ഉണ്ട്. അന്നത്തെ വാർത്തയ്ക്ക് എന്ത് പറ്റി എന്നത്? രാസപരിശോധന റിപ്പോർട്ടിൽ തിരുത്തൽ വരുത്തി ബലാത്സംഗ സാധ്യത മറച്ചു വച്ചു എന്നതായിരുന്നു അന്ന് രേഖകൾ സഹിതം ഞാൻ നൽകിയ റിപ്പോർട്ട്. പിന്നീട് ഹൈദരാബാദിലെ നാഷണൽ forensic lab അന്നത്തെ ലാബിലെ work register പരിശോധിച്ച് വാർത്തയിൽ ചൂണ്ടിക്കാട്ടിയ ഓരോ തിരുത്തും ശരി ആണെന്ന് കണ്ടെത്തുകയും ചെയ്തു. രേഖ തിരുത്തൽ കേസ് കൊല കേസിന് സമാന്തരമായി മറ്റൊരു ക്രിമിനൽ കേസ് ആയിട്ട് നടക്കുകയായിരുന്നു. എന്നെ ആ കേസിൽ സാക്ഷി ആയി തിരുവനന്തപുരം CJM കോടതി വിസ്തരിച്ചിരുന്നൂ. സിബിഐ സംഘം ഇതേ വിഷയത്തിൽ എൻ്റെ വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. വാർത്തയുടെ സോഴ്സ് അവർ പല തവണ ചോദിച്ചിട്ടും പറയാൻ ആവില്ലെന്ന ഉറച്ച മറുപടി ആയിരുന്നു ആ കൂടിക്കാഴ്ചയിൽ ഉണ്ടായ ഒരേ ഒരു കല്ലുകടി.
എനിക്ക് മനസ്സിലായ വസ്തുത കൊലക്കേസ് തന്നെ തെളിയിക്കാൻ പാട് പെട്ടിരുന്ന സമയത്ത് ബലാത്സംഗം കൂടെ ചേർത്ത് കേസ് സങ്കീർണം ആക്കാൻ അവർക്ക് താൽപര്യം ഉണ്ടായിരുന്നില്ല എന്നത് ആണ്. സിസ്റ്റർ അഭയയുടെ മാതാപിതാക്കൾ അന്ന് അത്തരം ഒരു സാധ്യതയെ ശക്തമായി എതിർത്തിരുന്നു. 15 വർഷം മുൻപ് മരിച്ച മകളുടെ മാനം ചോദ്യം ചെയ്യുന്ന ഒരു സാഹചര്യം അവർക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. അഭയയുടെ അപ്പൻ നിസ്സഹായൻ ആയി സംസാരിച്ചത് ഇന്നും എൻ്റെ കാതിൽ മുഴങ്ങുന്നു ഉണ്ട് .
സാങ്കേതിക മികവ് ആവശ്യം ഉള്ള വിഷയം ആയതിനാൽ AIIMS ഇലെ വിദഗ്ധ ഡോക്ടർമാർ ഉൾപ്പെട്ട ഒരു പാനൽ ആണ് അന്ന് ആരോപണ വിധേയരായ രണ്ട് ഉദ്യോഗസ്ഥരെ സിബിഐക്ക് വേണ്ടി ചോദ്യം ചെയ്തത്. അവരുടെ വിശദീകരണം, ആദ്യ ടെസ്റ്റ് തെറ്റായി ചെയ്തതിനാൽ തെറ്റായ റിസൽട്ട് കിട്ടി എന്നും ഒന്ന് കൂടെ ടെസ്റ്റ് ചെയ്ത് കിട്ടിയ റിസൽട്ട് ആദ്യത്തെ റിസൽട്ട് ചുരണ്ടി മാറ്റി എഴുതി എന്നത്, ആ മെഡിക്കൽ ബോർഡ് അംഗീകരിക്കുകയായിരുന്നു; അത്തരം ഒരു സാധ്യത തള്ളിക്കളയാൻ ആവില്ല എന്നായിരുന്നു അവരുടെ റിപ്പോർട്ട്. പ്രധാനമായും ആ വാദം അംഗീകരിച്ചു തിരുത്തൽ കേസിൽ CJM കോടതി പിന്നീട് ആ ഉദ്യോഗസ്ഥരെ വെറുതെ വിട്ടൂ. കോടതി തീർപ്പ് കൽപ്പിച്ച കേസ് എന്ന നിലയിൽ അതിന്മേൽ ഇനി ഒരു പുനപരിശോധന വേണം എന്ന് ഞാൻ കരുതുന്നില്ല.
അന്നത്തെ വാർത്തക്ക് ശേഷം അഭയ കേസ് എൻ്റെ regular beat ആയി മാറി. ആദ്യ അറസ്റ്റ് നടക്കുന്നത് വരെ Express ൽ നിത്യേന എന്നോണം ഫോളോ അപ്പ് വന്നിരുന്നു. അന്നത്തെ എഡിറ്റർ മനോജ് കെ ദാസ് നൽകിയ ശക്തമായ പിന്തുണയും പ്രോത്സാഹനവും വാർത്തകൾ നല്ല പ്രാധാന്യത്തോടെ വിന്യസിച്ചു വരാനും സഹായിച്ചു.
2011 ൽ പുതിയ സ്ഥാപനത്തിലേക്ക് മാറിയിട്ടും ഈ കേസ് എൻ്റെ ബീറ്റ് ആയി തുടർന്നു. 2019 ൽ തിരുവനന്തപുരം സിബിഐ കോടതിയിൽ വിചാരണ തുടങ്ങിയപ്പോൾ മിക്കവാറും ദിവസങ്ങളിൽ കോടതിയിൽ പോയി കേസ് കേട്ട് റിപ്പോർട്ട് ചെയ്തിരുന്നു. പ്രധാന ദിവസത്തെ വാദങ്ങൾ വന്ന TOI വാർത്തകൾ എൻ്റെ ടൈംലൈൻ പരതിയാൽ കാണാൻ കഴിയും. മണിക്കൂറുകൾ നീളുന്ന വിചാരണ കോടതി മുറിയുടെ പിന്നിൽ നിന്ന് കേട്ട് ആണ് റിപ്പോർട്ട് തയാറാക്കിയത്. വഞ്ചിയൂർ കോടതിക്ക് ഉള്ളിൽ പത്രപ്രവർത്തകർക്ക് ഇന്നും അപ്രഖ്യാപിത വിലക്ക് ഉണ്ട്. അതിനാൽ തന്നെ കുഴപ്പക്കാരായ വക്കീലന്മാർ കാണാതെ തഞ്ചത്തിൽ പണി ചെയ്ത് പോരുക ആയിരുന്നു. 6-7 മണിക്കൂർ ഒക്കെ ഒരേ നിൽപ് നിന്ന് വാദം കേട്ട ദിവസങ്ങൾ ഉണ്ട്.
വിചാരണയുടെ അവസാന ഘട്ടത്തിൽ പല ദിവസങ്ങളിൽ മറ്റു പണികൾ മാനേജ് ചെയ്യാൻ പറ്റാതെ വന്നപ്പോൾ നേരിട്ട് പോക്ക് മുടങ്ങി. ഇന്ന് കിട്ടുന്ന പൂച്ചെണ്ടുകൾ ഇന്നലെ കൊണ്ട വെയിലിൻ്റെ കൂലിയാണ് എന്ന് അറിയുമ്പോൾ ഉണ്ടാകുന്ന സന്തോഷം അനൽപമാണ്.
വിധി ദിനത്തിൽ ഞാൻ കോടതിയിൽ പോയിരുന്നില്ല. 2008 മേയ് മാസത്തിൽ ഒരു ദിവസം ഞാൻ ഫാദർ തോമസ് കോട്ടൂരിനോട് ദീർഘമായി ഫോണിൽ സംസാരിച്ചിരുന്നു. സിബിഐ അന്വേഷണം അച്ചനിൽ എത്തി തുടങ്ങിയ സമയം. കർത്താവിൻ്റെ പദ്ധതികളെ പറ്റിയാണ് തീർത്തും അക്ഷോഭ്യൻ ആയി അദ്ദേഹം എന്നോട് അന്ന് പറഞ്ഞത്. യേശുവിൻ്റെ പദ്ധതി മാത്രമേ നടക്കുകയുള്ളൂ എന്നും അത് എന്തായാലും സന്തോഷമായി സ്വീകരിക്കും എന്നും അന്ന് അദ്ദേഹം പറഞ്ഞത് ഞാൻ ഓർക്കുന്നു. ചൊവ്വാഴ്ച ശിക്ഷ കേട്ട് ജയിലിലേക്ക് പോകുമ്പോഴും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് അത് തന്നെ ആയിരുന്നു.
"ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണ് ഞാൻ വന്നത്." എന്ന് പറഞ്ഞത് മറ്റാരും ആയിരുന്നില്ലല്ലോ (മർക്കോസ് 2:13-17)
(2007-08 കാലത്ത് അഭയ കേസുമായി ബന്ധപ്പെട്ട് ചെയ്ത പ്രധാന വാർത്തകൾ ആണ് ചിത്രങ്ങളിൽ) #SisterAbhaya #sisterabhayacase
TAGS: CASE DIARY, ABHAYA CASE, SREEJAN BALAKRISHNAN, THOMAS M KOTTOR, SISTER SEFI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.