ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിൽ എം പിമാർ മത്സരിക്കേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്. എം പിമാർക്ക് എം എൽ എ സ്ഥാനത്തേക്ക് മത്സരിക്കാൻ അനുമതി നൽകേണ്ടെന്ന് ഹൈക്കമാൻഡിൽ ധാരണയായി. പാർലമെന്റിൽ കോൺഗ്രസ് അംഗസംഖ്യ കുറയ്‌ക്കാനാവില്ല എന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. ഒരു സംസ്ഥാനത്തും ഇളവു വേണ്ടെന്നാണ് നിലവിലെ ധാരണ.
കേരളത്തിലെ ചില കോൺഗ്രസ് എം പിമാർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനകൾ നേരത്തെയുണ്ടായിരുന്നു. പ്രധാനമായും കെ മുരളീധരന്റെയും കെ സുധാകരന്റെയും പേരുകളാണ് ഉയർന്നുകേട്ടത്. ഒപ്പം അടൂർ പ്രകാശും ബെന്നി ബെഹനാനും മത്സരിക്കുമെന്നും സൂചനകളുണ്ടായിരുന്നു.
മുതിർന്ന നേതാക്കൾ മത്സരിച്ചാലേ ചില മണ്ഡലങ്ങളിലൊക്കെ വിജയസാദ്ധ്യതയുളളൂ എന്ന വിലയിരുത്തലുകളും വന്നിരുന്നു. ആയതിനാൽ എംപിമാരിൽ പലരും മത്സരിക്കും എന്നായിരുന്നു ഉയർന്നുകേട്ട അഭ്യൂഹം. ലോക്‌സഭയിലും രാജ്യസഭയിലും കോൺഗ്രസിന് അംഗസംഖ്യ കുറവായ സാഹചര്യത്തിൽ എം പിമാർ മത്സരിക്കേണ്ട എന്ന തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് എത്തിച്ചേരുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |