ലൊസെയ്ൻ : 2036ലെ ഒളിമ്പിക്സിന് വേദിയാകാനുള്ള ഇന്ത്യയുടെ സന്നദ്ധത ഔദ്യോഗികമായി ഇന്റർ നാഷണൽ ഒളിമ്പിക് കമ്മറ്റിക്ക് മുന്നിൽ അവതരിപ്പിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം. 2036 ഒളിമ്പിക്സിന്റെ വേദി തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഐ.ഒ.സി സംഘം താത്കാലികമായി നിറുത്തിവച്ചതിന് പിന്നാലെയാണ് ഇന്ത്യൻ സംഘം ഐ.ഒ.സി ആസ്ഥാനത്തെത്തിയത്. വേദിയാകാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾക്ക് തയ്യാറെടുക്കാൻ സമയം ലഭിക്കുന്നതിനായാണ് ഐ.ഒ.സി തീരുമാനം.
വസുധൈവക കുടുംബം എന്ന ആശയത്തിലൂന്നി ഒളിമ്പിക്സിന് വേദിയൊരുക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ സംഘം അവതരിപ്പിച്ച പ്രപ്പോസലിൽ പറയുന്നു. ഗുജറാത്തിലെ അഹമ്മദാബാദിൽ ഒളിമ്പിക്സ് നടത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അഹമ്മദാബാദിലെ അടിസ്ഥാന സൗകര്യങ്ങളെയും നടത്താനിരിക്കുന്ന വികസന പദ്ധതികളെയും കുറിച്ച് സംഘം ഐ.ഒ.സിയെ ധരിപ്പിച്ചു. ഒളിമ്പിക്സ് വേദിക്കുണ്ടായിരിക്കേണ്ട നിബന്ധനകളെപ്പറ്റി ഐ.ഒ.സി മാർഗനിർദ്ദേശങ്ങൾ കൈമാറി.
ഐ.ഒ.സിയുമായുള്ള ചർച്ചകൾ ഫലപ്രദമായിരുന്നുവെന്നും ഒളിമ്പിക്സ് വേദിയാകാനുള്ള ഇന്ത്യയുടെ യോഗ്യതകൾ കൃത്യമായി അവതരിപ്പിക്കാൻ കഴിഞ്ഞെന്നും പി.ടി ഉഷ പറഞ്ഞു. രണ്ട് ഏഷ്യൻ ഗെയിംസുകൾക്കും ഒരു കോമൺവെൽത്ത് ഗെയിംസിനും ആതിഥ്യം വഹിച്ചിട്ടുള്ള ഇന്ത്യ ആദ്യമായാണ് ഒളിമ്പിക് വേദിക്ക് താത്പര്യം അറിയിക്കുന്നത്.
കോടിക്കണക്കായ ഇന്ത്യൻ ജനതയുടെ മനസിൽ മായാത്ത മുദ്ര പതിപ്പിക്കുന്ന രീതിയിൽ 2036 ഒളിമ്പിക്സ് നടത്താനാണ് ആഗ്രഹിക്കുന്നത്.
- പി.ടി ഉഷ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |