തിരുവനന്തപുരം: നിയമസഭയിൽ പിണറായി സർക്കാരിന്റെ നയപ്രഖ്യാപനം പ്രഹസനമായെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലോക്ക്ഡൗൺ കാലത്ത് ആരേയും പട്ടിണിക്കിടാത്ത സർക്കാരാണെന്ന പിണറായിയുടെ അവകാശവാദം കേന്ദ്രസർക്കാരിന്റെ നേട്ടമാണ്. കൊവിഡ് കാലത്ത് കേന്ദ്രം സൗജന്യ റേഷൻ അനുവദിച്ചതു കൊണ്ടാണ് രാജ്യം പട്ടിണിയിൽ നിന്നും രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണിത്. കൊവിഡിനെ നേരിടാൻ നിരവധി പദ്ധതികൾ ആവിഷ്‌ക്കരിച്ചുവെന്നാണ് സർക്കാർ പറയുന്നത്. കൊവിഡ് രോഗം സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചു. കൊവിഡ് രോഗികളുടെ എണ്ണം കുറയ്‌ക്കാൻ സർക്കാരിന് കഴിയുന്നില്ല. ഇരുപതിനായിരം കോടിയുടെ കൊവിഡ് പാക്കേജ് പ്രഖ്യാപിച്ചതിനെപ്പറ്റി നയപ്രഖ്യാപന പ്രസംഗത്തിൽ എടുത്തുപറയാൻ സർക്കാരിന് നാണമില്ലേയെന്നും സുരേന്ദ്രൻ ചോദിച്ചു.
സാമ്പത്തിക പാക്കേജിൽ ഒരു മൊട്ടുസൂചിയുടെ സഹായം പോലും ആർക്കെങ്കിലും കിട്ടിയോയെന്ന് വ്യക്തമാക്കണം. സർക്കാരിന്റെ അഭിമാന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാൻ കേന്ദ്ര ഏജൻസികൾ തടസം നിൽക്കുന്നുവെന്നാണ് പറയുന്നത്. സ്വർണക്കടത്തും ഡോളർക്കടത്തും കിഫ്ബി തട്ടിപ്പുമാണോ അഭിമാന പദ്ധതികളെന്നും സുരേന്ദ്രൻ ആരാഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |