കോഴിക്കോട്: വടക്കാഞ്ചേരി ലൈഫ്‌മിഷൻ അഴിമതിക്കേസ് സി.ബി.ഐ അന്വേഷിക്കരുതെന്ന ഹർജി ഹൈക്കോടതി തള്ളിയതോടെ പിണറായി സർക്കാരിന്റെ അവസാനത്തെ പ്രതിരോധവും പൊളിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.
വിദേശ പണക്കൈമാറ്റ നിയമലംഘനമുണ്ടായെന്ന സി.ബി.ഐയുടെ വാദം കോടതി അംഗീകരിച്ചത് സർക്കാരിന് കനത്ത തിരിച്ചടിയാണ്. കേസിൽ കക്ഷി ചേരാനുള്ള സർക്കാരിന്റെ നീക്കവും കോടതി നിഷേധിച്ചിരിക്കുകയാണ്.
ദേശീയ അന്വേഷണ ഏജൻസികൾക്കെതിരായ മുഖ്യമന്ത്രിയുടെ ആരോപണത്തിന്റെ മുന ഒടിഞ്ഞിരിക്കുകയാണ്.
ലൈഫ് മിഷൻ സി.ഇ.ഒ ക്കെതിരായ അന്വേഷണത്തിന് സർക്കാർ തടയിടാൻ ശ്രമിച്ചത് അന്വേഷണം മുഖ്യമന്ത്രിയിലേക്ക് വരുമെന്ന ഭയം കാരണമാണ്. ഓഡിറ്റ് ഒഴിവാക്കാനാണ് ധാരണാപത്രം ഒപ്പിട്ടതെന്ന ബി.ജെ.പി യുടെ ആരോപണം കോടതി അംഗീകരിച്ചു. ഈ വിധി അഴിമതിക്കെതിരായ പോരാട്ടത്തിന് കരുത്തുപകരുമെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |