വണ്ണപ്പുറം: മാർസ്ലീവ ടൗൺ പള്ളിയിലും തൊമ്മൻകുത്ത് മാതാവിന്റെ കപ്പേളയിലും മോഷണം. ചൊവ്വാഴ്ച ഉച്ചയോടെ മാർസ്ലീവ ടൗൺ പള്ളിയിലുണ്ടായ മോഷണത്തിൽ മൂന്ന് ഭണ്ഡാരക്കുറ്റികൾ കുത്തിത്തുറന്ന് പണവും ഉണ്ണിയേശുവിന്റെ രൂപത്തിൽ കഴുത്തിൽ കിടന്ന മാലയും കവർന്നു. ചൊവ്വാഴ്ച പള്ളി അടച്ചത് ദേവാലയ ശുശ്രുഷി ആയിരുന്നില്ല. ബുധനാഴ്ച വൈകിട്ട് പള്ളി അടയ്ക്കുന്നതിന് ചെന്ന ശുശ്രൂഷിയായ ജിയോ ചെറുപറമ്പിൽ ഭണ്ഡാര കുറ്റിയുടെ അടപ്പ് ഉയർന്നിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പള്ളി വികാരി ഫാ. ജോസഫ് കോയിത്താനത്ത് വിവരം കാളിയാർ പൊലീസിനെ അറിയിച്ചു. തുടർന്ന് എസ്.ഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതിയ്ക്കായി തെരച്ചിൽ ആരംഭിച്ചു. പള്ളിയിലെത്തിയ മോഷ്ടാവ് പ്രാർത്ഥിച്ചതിന് ശേഷമാണ് മോഷണം ആരംഭിച്ചതെന്ന് ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് 15 മിനിറ്റിനുള്ളിൽ മൂന്ന് ഭണ്ഡാരവും തുറന്ന് പണവും ഉണ്ണിയേശുവിന്റെ രൂപത്തിലെ മാലയും മോഷ്ടിച്ചു പ്രതി പോകുന്ന ദൃശ്യം സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. തൊമ്മൻകുത്ത് പള്ളിയുടെ വള്ളക്കടവ് കപ്പേളയിലാണ് മോഷണം നടന്നത്. മാതാവിന്റെ രൂപത്തിലെ കഴുത്തിലെ വെള്ളി കൊന്തയാണ് മോഷണം പോയത്. ഭണ്ഡാരം കുത്തി തുറക്കാൻ ശ്രമിച്ചെങ്കിലും അടുത്തുള്ള വീട്ടിൽ ആളനക്കം കണ്ടതോടെ പിൻമാറിയതായി കരുതുന്നു. കരിമണ്ണൂർ പൊലീസ് അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |