'കെജിഎഫ് ചാപ്‌റ്റർ 2'വിന് ശേഷം എക്കാലത്തെയും ഹിറ്റ് മേക്കേഴ്‌സ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് നിർമിക്കുന്ന പ്രഭാസ് ചിത്രം 'സലാറി'ന്റെ പൂജ ജനുവരി 15ന്. ഹോംബാലെ ഫിലിംസ് ഉടമ വിജയ് കിരഗണ്ടൂർ, സംവിധായകൻ പ്രശാന്ത് നീൽ എന്നിവർ ചേർന്നാണ് ഈ കിടിലൻ ആക്ഷൻ ചിത്രം ഒരുക്കുന്നത്. ആക്ഷൻ നായകൻ പ്രഭാസിന്റെ ആരാധകർക്കിടയിൽ ഈ ചിത്രത്തിന്റെ പ്രഖ്യാപനം ഇപ്പോൾ തന്നെ വളരെയധികം ത്രിൽ സൃഷ്ടിച്ചിട്ടുണ്ട്.
പ്രശാന്ത് നീൽ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ നായകൻ ആവേശം ജനിപ്പിക്കുന്ന ഒരു കഥാപാത്രമായാണ് അവതരിപ്പിക്കപ്പെടുന്നത്. ആരാധകർ ഇതിന് മുമ്പ് ഇത്തരമൊരു നായക കഥാപാത്രത്തെ കണ്ടിട്ടുണ്ടാവുകയില്ലെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിടുന്ന റിപ്പോർട്ട്. കൗതുകമുണർത്തുന്ന കാര്യമെന്തെന്നാൽ, താരത്തിന്റെ ഇതുവരെ കാണപ്പെടാത്ത ഒരു വിശ്വരൂപം തന്നെയാവും ഇതിലൂടെ ആരാധകർക്ക് കാണാൻ കഴിയുക എന്നതാണ്.
ആക്ഷൻ പരമ്പരകളുടെ ചരിത്രം തന്നെ സൃഷ്ടിച്ചേക്കാവുന്ന 'സലാർ' ജനുവരി അവസാന വാരത്തോടെ ചിത്രീകരണം ആരംഭിക്കുന്നതാണ്. നിർമ്മാതാക്കൾ ഈ മാസം 15 ന് രാവിലെ 11 ന് മുഹൂർത്ത പൂജാ ക്ലാപ്പിന് ആതിഥേയത്വം വഹിക്കും.
ഹൈദരാബാദിൽ വച്ച് നടക്കുന്ന പൂജാ ചടങ്ങിൽ സലാർ ടീം അംഗങ്ങൾ പങ്കെടുക്കും. മുഖ്യാതിഥികളായി ക്ഷണിക്കപ്പെട്ടിരിക്കുന്നത് ഡോ. അശ്വത്നാരായണൻ സി.എൻ. - കർണാടക ഉപമുഖ്യമന്ത്രി, ചലച്ചിത്ര നിർമ്മാതാവ് രാജമൗലി എസ്.എസ്, നടൻ യഷ് എന്നിവരും മറ്റ് അഭിനേതാക്കളും ക്രൂ അംഗങ്ങളുമാണ്. ഹൈദരാബാദിൽ വച്ച് നടക്കുന്ന പൂജക്ക് ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച് ആരാധകർക്ക് തന്റെ പുതിയ അവതാരം വെളിപ്പെടുത്തുന്നതിൽ താൻ വളരെ ആവേശഭരിതനാണെന്നാണ് പ്രഭാസ് വ്യക്തമാക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |