എടപ്പാൾ : മൂതൂർ കാലടഞ്ചാടി ക്ഷേത്രസമീപത്തെ മുതുമുറ്റത്ത് അബ്ദുൾ സുഹൈലിന്റെ വീട്ടിൽ നിന്നും 112.5 പവന്റെ സ്വർണാഭരണം മോഷ്ടിച്ച സംഭവത്തിൽപൊലീസ് പ്രതിയുമൊത്ത് തെളിവെടുപ്പ് നടത്തി. ബന്ധുവായ പന്തലൂർ വടക്കശ്ശേരി മൂസയാണ് (50) കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മോഷണത്തിനായി ഡ്യൂപ്ളിക്കേറ്റ് ചാവി ഉണ്ടാക്കിയ ചങ്ങരംകുളത്തെ ഷോപ്പിലും കുത്തുളി വാങ്ങിച്ച നടുവട്ടം കൂനംമൂച്ചി റോഡിലെ കടയിലുമായിരുന്നു തെളിവെടുപ്പ് .
ആറാംതീയതി രാത്രിയാണ് സുഹെലിന്റെ വീട്ടിലെ അലമാരയിൽ നിന്നും സൂട്ട് കേയ്സിൽ നിന്നുമായി 112.5 പവൻ സ്വർണവും 65,000 രൂപയും കവർന്നത്. സാക്ഷികളെ ചോദ്യം ചെയ്തതോടെയാണ് അന്വേഷണം മൂസയിലേക്കെത്തിയത്. കുറ്റകൃത്യം പ്രതി നേരത്തെ പ്ളാൻ ചെയ്തിരുന്നു. ഏതാനും ദിവസം മുമ്പ് പ്രതി വീട്ടിലെത്തി താക്കോലിന്റെ അളവെടുത്ത് ഡ്യൂപ്ളിക്കേറ്റ് താക്കോൽ തയ്യാറാക്കി. തുടർന്ന് സൗകര്യപ്രദമായ സമയം കാത്തിരിക്കുകയായിരുന്നു. ആറിന് സുഹൈൽ തൃശൂരിൽ പോയ വിവരമറിഞ്ഞപ്രതി താക്കോലുമായെത്തി മോഷണം നടത്തി. തറവാട്ട് പരിസരത്ത് സൂക്ഷിച്ച മുതൽ പൊലീസ് കണ്ടെടുത്തു.പരിശോധനയിൽ വാതിലുകൾക്ക് തകരാറൊന്നും കണ്ടെത്താഞ്ഞതിനാൽ ഉറ്റവരുടെ പങ്ക് പൊലീസ് തുടക്കത്തിലേ സംശയിച്ചിരുന്നു.
ആറു ദിവസത്തിനകം പ്രതിയെ അറസ്റ്റ് ചെയാൻ കഴിഞ്ഞത് പൊന്നാനി പൊലീസിന് നേട്ടമായി.
തിരൂർ സി.വൈ.എസ്.പി സുരേഷ് കുമാറിന്റെയും പൊന്നാനി എസ്.ഐ.മഞ്ജിഷിന്റെയും നേതൃത്വത്തിലാണ്അന്വേഷണം നടന്നത്. പൊന്നാനി എസ്.ഐ. സാബുരാജ്, എ.എസ്.ഐ. പ്രമോദ് ജയപ്രകാശ്, വിശ്വനാഥൻ , വിനീത്, രജനി, സൗമ്യ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |