പാറശാല: വട്ടിപ്പലിശക്കാരിയുടെ ഭീഷണിയെ തുടർന്ന് അന്ധനും മൂകനുമായ ഭർത്തൃസഹോദരനോടൊപ്പം വീട്ടമ്മ വീടിന് സമീപത്തെ കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു. ചെങ്കൽ പഞ്ചായത്തിൽ പോരന്നൂർ വാർഡിൽ തോട്ടിൻകര ചിന്നംകോട്ട് വിള വീട്ടിൽ പരേതനായ നാഗരാജന്റെ ഭാര്യ സരസ്വതി അമ്മ (56), ഭർത്താവിന്റെ അനുജനും അന്ധനും മൂകനുമായ നാഗേന്ദ്രൻ (58) എന്നിവരാണ് വീടിന് സമീപത്തെ പെരുമ്പല്ലി കുളത്തിൽ ചാടി ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെ ഇരുവരെയും വീട്ടിൽ കാണാത്തതിനെ തുടർന്ന് മക്കൾ നടത്തിയ തെരച്ചിലിലാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. തുടർന്ന് വീടിന് സമീപത്തെ കുളത്തിൽ സരസ്വതി അമ്മയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പാറശാല പൊലീസും ഫയർഫോഴ്‌സും ചേർന്ന് മൃതദേഹം കരയ്ക്കെത്തിച്ച് പാറശാല താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. എന്നാൽ നാഗേന്ദ്രന്റെ മൃതദേഹത്തിനായി ഫയർഫോഴ്‌സും നാട്ടുകാരും വൈകിട്ട് വരെയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കുളത്തിന്റെ വരമ്പ് മുറിച്ച് വെള്ളം ഒഴുക്കി കളഞ്ഞശേഷം കൂടുതൽ തെരച്ചിൽ നടത്തുകയാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: നാഗരാജന്റെ വീട്ടിലാണ് മൂകനും ബധിരനുമായ അനുജൻ നാഗേന്ദ്രൻ താമസിച്ചിരുന്നത്. നാഗേന്ദ്രനെ പരിചരിച്ചിരുന്നതും സരസ്വതിയായിരുന്നു. ജ്യേഷ്‌ഠന്റെ മരണത്തെ തുടർന്നും നില തുടർന്നു. ഇതിനിടെ മകൻ മഹേഷിനെ വിദേശത്തേക്ക് അയയ്ക്കുന്നതിനായി പൊഴിയൂരിലെ ഒരാളിൽ നിന്നും പ്രതിമാസം ആറായിരം രൂപ പലിശയ്ക്ക് രണ്ട് ലക്ഷം രൂപ കടം വാങ്ങി. മൂന്ന് മാസത്തെ പലിശ കൊടുക്കാനുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പലിശയ്ക്ക് വേണ്ടി ഇടനിലക്കാരിയായ സ്ത്രീ വീട്ടിലെത്തി ബഹളമുണ്ടാക്കി. അടുത്തദിവസം കൊടുക്കാമെന്ന് പറഞ്ഞ് ഇവരെ തിരിച്ചയച്ചിരുന്നു. തുടർന്നാണ് ഇരുവരും ചേർന്ന് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. തെരച്ചിൽ നടത്തുന്നതിനായി ചെങ്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത്തിന്റെ നേതൃത്വത്തിൽ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്. സരസ്വതി അമ്മയുടെ മകൾ: മായ.