തിരുവനന്തപുരം: കല്ലമ്പലത്ത് നവവധുവിനെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംശയം പ്രകടിപ്പിച്ച് ഭർത്താവിന്റെ പിതാവ്. ഒരാൾക്ക് ഒറ്റയ്ക്ക് സ്വയം കഴുത്തും, കൈ ഞരമ്പുകളും മുറിക്കാനാകില്ലെന്നും, സംശയങ്ങൾ തെളിയണമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം വീട്ടിൽ തർക്കങ്ങളോ മറ്റ് അസ്വഭാവികതകളോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് കല്ലമ്പലം മുത്താന ഗുരുനഗർ സുനിത ഭവനിൽ ആതിരയെ (24) ഭർത്താവിന്റെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ എട്ടുമണിയോടെ ആതിരയുടെ ഭർത്താവ് ശരത്ത് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന പിതാവിനൊപ്പം ആശുപത്രിയിൽ പോയിരുന്നു. പതിനൊന്ന് മണിയോടെ ആതിരയുടെ അമ്മ ശ്രീന വീട്ടിൽ വന്നപ്പോൾ കതകു തുറന്നു കിടന്ന നിലയിലായിരുന്നു. ആതിരയെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് ശരത്തിനെ ഫോണിൽ ബന്ധപ്പെട്ടു.
ഒടുവിൽ ശരത്ത് എത്തി വീട് പരിശോധിച്ചപ്പോഴാണ് ശുചിമുറി അകത്തു നിന്ന് കുറ്റി ഇട്ടിരിക്കുന്നതായി കണ്ടെത്തിയത്. വാതിൽ പൊളിച്ച് അകത്തു കയറിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലാണ് ആതിരയെ കണ്ടെത്തിയത്. സമീപത്തു നിന്ന് കത്തിയും കണ്ടെടുത്തു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവിന്റെ അമ്മയുമായുള്ള പ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്നാണ് ആതിരയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |