ഹൈദരാബാദ്: ജനങ്ങളിൽ വിശ്വാസമുണ്ടാക്കാൻ താൻ തന്നെ ആദ്യം കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച തെലങ്കാന ആരോഗ്യമന്ത്രി ഏടാല രാജേന്ദർ അവസാന നിമിഷം പിന്മാറി. പ്രധാനമന്ത്രിയുടെ കർശന നിർദ്ദേശം ലഭിച്ചതിനെ തുടർന്നായിരുന്നു ഇത്. ആരോഗ്യ പ്രവർത്തകർ തന്നെ ആദ്യം വാക്‌സിൻ സ്വീകരിക്കണം എന്ന നിർദ്ദേശമാണ് രാജേന്ദറിന്റെ പിന്മാറ്റത്തിന് കാരണം.
വാക്സിന്റെ സുരക്ഷിതത്വം തെളിയിക്കാൻ താൻ തന്നെ ആദ്യ വാക്‌സിൻ സ്വീകരിക്കുമെന്ന് ഇന്നലെയാണ് മന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ ഇന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് രാജേന്ദറിന് കർശന നിർദ്ദേശമാണ് ലഭിച്ചത്. മന്ത്രി ഉൾപ്പടെ രാഷ്‌ട്രീയ നേതാക്കൾ തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
സർക്കാരിന്റെ മുൻഗണന പട്ടികയിൽ ആരോഗ്യ പ്രവർത്തകരും പൊലീസും ശുചീകരണ തൊഴിലാളികളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ശേഷം 50 വയസിന് മുകളിലുളള രോഗമുളളവരും 50 വയസിൽ താഴെ ഗുരുതര രോഗമുളളവരുമാണ് വരിക.
പാർലമെന്റ് അംഗങ്ങളെയും എം.എൽ.എമാരെയും ആദ്യഘട്ട വാക്‌സിനേഷന് അനുവദിക്കണം എന്ന ഹരിയാന സർക്കാരിന്റെ അഭ്യർത്ഥന ലഭിച്ചതോടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം കർശനമായി വിലക്കി നിർദ്ദേശം നൽകിയത്. ബീഹാർ, ഒഡീഷ ആരോഗ്യമന്ത്രിമാരും ആദ്യം പൊതു പ്രവർത്തകരെയും പഞ്ചായത്ത് ജനപ്രതിനിധികളെയും വാക്‌സിൻ സ്വീകരിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |