തൃശൂർ: 100 രൂപയ്ക്ക് അഞ്ചുകിലോ ഓഫറുമായി "വരത്തൻ' ഏത്തപ്പഴം വഴിയോരം വാഴാൻ തുടങ്ങിയതോടെ, കേരളത്തിലെ കർഷകർക്ക് ഇത് കണ്ണീർക്കാലം. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് ഏത്തക്കുലകൾ കുറഞ്ഞവിലയ്ക്ക് എത്തുന്നത്. ഇതുമൂലം കേരളത്തിലെ കർഷകർക്ക് നഷ്‌ടം ലക്ഷങ്ങളാണ്.
ഭൗമസൂചികാപദവി (ജി.ഐ) ലഭിച്ച തൃശൂരിന്റെ സ്വന്തം ചെങ്ങാലിക്കോടൻ നേന്ത്രക്കുലയ്ക്ക് പോലും റെക്കാഡ് വിലയിടിവാണ്, കിലോഗ്രാമിന് 30-40 രൂപ. മറ്റ് കുലകൾക്ക് പരമാവധി 20 രൂപയും. കർഷകർക്ക് വിപണിവിലയുടെ പകുതിപോലും കിട്ടുന്നില്ല.
ഏത്തക്കുല കിലോയ്ക്ക് 30 രൂപ താങ്ങുവില സർക്കാർ നിശ്ചയിച്ചെങ്കിലും അതത് സ്ഥലത്തെ വിപണിവിലയാണ് നൽകുന്നത്.
ബാക്കി പിന്നീട് ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കൃഷി ഓഫീസർ അംഗീകരിച്ച ശേഷം വില്പനയ്ക്ക് എത്തിക്കുന്ന കർഷകർക്കാണ് താങ്ങുവില. വി.എഫ്.പി.സി.കെ. വിപണികളിൽ നിന്നാണ് താങ്ങുവില കിട്ടുക. ഭൂരിഭാഗം കർഷകരും രജിസ്റ്റർ ചെയ്തിട്ടുമില്ല.
വി.എഫ്.പി.സി.കെ. സെന്ററുകളിൽ എത്തിക്കാനുളള ചെലവ് കണക്കിലെടുത്ത് തുച്ഛവിലയ്ക്ക് വിറ്റഴിക്കുകയാണ്.
വാഴ നട്ട് കുല മൂപ്പെത്തുന്നതുവരെ 200 രൂപയോളം ചെലവ് വരും. പരിപാലനച്ചെലവിന്റെ പകുതിപോലും കിട്ടാതായതോടെ കൃഷി ഉപേക്ഷിക്കുകയാണ് കർഷകർ. ലോക്ഡൗണിൽ പ്രതീക്ഷയോടെ മണ്ണിലിറങ്ങിയ കന്നിക്കർഷകരും പിന്മാറി.
കടമ്പകൾ കടന്നിട്ടും...
വന്യമൃഗ ശല്യം, മോശം കാലാവസ്ഥ എന്നിവയെ അതിജീവിച്ചാണ് പലരും കൃഷിയിറക്കിയത്. കൃഷിക്കായി പലരും വായ്യപയെടുത്തു; സ്വർണം പണയംവച്ചു. വിലയിടിവുമൂലം ഇടനിലക്കാരും കൈയൊഴിഞ്ഞതിനാൽ വിപണിയിലേക്ക് കായ സ്വയം എത്തിക്കേണ്ടതും കർഷകരാണ്.
ഓണവും പൊലിഞ്ഞു
തേൻ മധുരവും സ്വർണവർണവുമുള്ള ചെങ്ങാലിക്കോടന്റെ പേരിനും പെരുമയ്ക്കുമൊത്ത പകിട്ടില്ലാത്ത ഓണക്കാലമായിരുന്നു കഴിഞ്ഞുപോയത്. കിലോയ്ക്ക് 100 രൂപയിലേറെ ലഭിക്കാറുള്ള ഓണക്കാലത്തും വില 65 - 75 രൂപയായിരുന്നു.
ചെങ്ങാലിപ്പെരുമ
ഗുരുവായൂർ ക്ഷേത്രത്തിലെ കാഴ്ചക്കുല സമർപ്പണത്തിലെ വി.ഐ.പി
തലപ്പിളളി ചെങ്ങഴിവാലി താഴ്‌വരയിലെ മണ്ണിന്റെയും വിത്തിന്റെയും ഗുണം
കുത്തുകളുള്ള സ്വർണമഞ്ഞ നിറം, ഒമ്പതോ പത്തോ പടലകളിൽ 20 ഓളം പഴങ്ങൾ
മറ്റു കായകളേക്കാൾ പരിപാലനച്ചെലവ് കൂടുതലാണെങ്കിലും മോഹവില കിട്ടും
ഉപ്പേരിയുണ്ടാക്കാനും ശർക്കരവരട്ടിക്കും പഴംനുറുക്കിനും വെല്ലാൻ മറ്റൊന്നില്ല
''വി.എഫ്.പി.സി.കെ വഴി പരമാവധി ഏത്തക്കുലകൾ കർഷകരിൽ നിന്ന് ശേഖരിക്കുന്നുണ്ട്. മുഴുവൻ താങ്ങുവിലയും ഉടൻ ലഭ്യമാക്കും. ചെങ്ങാലിക്കോടന് പ്രത്യേകവില നിജപ്പെടുത്തിയിട്ടില്ല. കർഷകർ വിള ഇൻഷ്വർ ചെയ്തിരിക്കണം""
- കെ.എസ്. മിനി, പ്രിൻസിപ്പൽ കൃഷി ഓഫീസർ, തൃശൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |