തിരുവനന്തപുരം: കെ എസ് ആർ ടിയിലെ ജീവനക്കാരെ ഒന്നടങ്കം ആക്ഷേപിച്ചിട്ടെല്ലെന്നും ജീവനക്കാരോട് യുദ്ധത്തിനില്ലെന്നും സി എം ഡി ബിജുപ്രഭാകർ. കെ എസ് ആർ ടി സി പുനരുദ്ധാരണം സംബന്ധിച്ചും ഭാവിപ്രവർത്തനങ്ങൾ സംബന്ധിച്ചും ജീവനക്കാരോട് ഫേസ്ബുക്ക് ലൈവിലൂടെ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. തെറ്റിദ്ധാരണ മൂലമാണ് തനിക്കെതിരെ ജീവനക്കാർ പ്രകടനം നടത്തിയതെന്നും തനിക്ക് പ്രത്യേക അജണ്ടകൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
'താൻ അധിക്ഷേപിച്ചതായി ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അത് ഇവിടുത്തെ കാട്ടുകള്ളന്മാർക്കാണ്. ചീഫ് ഓഫീസിലിരിക്കുന്ന അഞ്ചാറ് കഴിവുകെട്ട ഉദ്യോഗസ്ഥരെ മാറ്റിയാൽ ഈ സംവിധാനം നന്നായി പോകും. കെ എസ് ആർ ടിസിയെ തകർക്കാനല്ല ഞാൻ ഇവിടുള്ളത്. റിട്ടയർ ചെയ്താൽ കെ എസ് ആർടിസിയെ നശിപ്പിച്ചയാൾ എന്ന ചീത്തപ്പേര് എനിക്ക് ഉണ്ടാകരുത്. കെ എസ് ആർ ടിസിയെ രക്ഷിച്ചയാൾ എന്ന പേര് മാത്രമേ ഉണ്ടാകാവൂ. സി എൻ ജിയെക്കുറിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുകയാണ്. 165 കോടിയുടെ ബസുകളാണ് വെറുതേ കിടക്കുന്നത്. കേന്ദ്രസർക്കാർ നൽകിയ ബസുകൾപോലും വെറുതേയിട്ടിരിക്കുന്നു. നിസാര കാരണങ്ങൾ പറഞ്ഞാണ് ഈ ബസുകൾ ഓടാതെ വെറുതേ ഇട്ടിരിക്കുന്നത്. ചിലർക്ക് കാട്ടിലെ തടി തേവരുടെ ആന എന്ന നിലപാടാണ്. ഇത്തരക്കാർക്ക് മറ്റ് പല പരിപാടികൾ ഉണ്ട്. ശമ്പളം സർക്കാരോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ കൊടുക്കും. ഈ വണ്ടികൾ ഇങ്ങനെ പാഴായിക്കിടക്കുന്നതിൽ കുറ്റബോധം ഇല്ല. മാറ്റങ്ങൾക്ക് തടസം നിൽക്കുന്നത് സ്ഥാപിത താൽപര്യമുള്ള ചിലരാണ്. അവർ സംരക്ഷിക്കുന്നത് ജീവനക്കാരുടേയോ, ജനങ്ങളുടേയോ സർക്കാരിന്റെയോ താത്പര്യല്ല'-അദ്ദേഹം പറഞ്ഞു.
'പിടിപ്പുകേടുള്ള ചില ഉദ്യോഗസ്ഥരാണ് കെ എസ് ആർ ടി സി ഡയറക്ടറേറ്റിലിരിക്കുന്നത്. ഈ ഉദ്യോഗസ്ഥർ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കണം. ബില്ലുകൾ പാസാക്കുന്നില്ല. 800 പേർ റിട്ടയർ ചെയ്തിട്ട് അവരുടെ പെൻഷൻ കൊടുക്കാൻ പറ്റുന്നില്ല. വടകര ഡിവിഷനിൽ ഒരു മഹാൻ 120 ദിവസമാണ് കണ്ടെയ്ൻമെന്റ് സോൺ എന്ന് പറഞ്ഞ് ജോലിക്ക് ഹാജരാകാതിരുന്നത്. ജോലി ചെയ്യാൻ താത്പര്യമില്ലാത്ത ഒരു വിഭാഗം കെ എസ് ആർടിസിയിലുണ്ട്. ആർക്കും കേറി മേയാൻ പറ്റുന്ന പൊതുമേഖലാ സ്ഥാപനമായി കെ എസ് ആർ ടി സി മാറി.' -ബിജു പ്രഭാകർ പറഞ്ഞു.
ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ കെ.എസ്.ആർ.ടി.സിയിൽ നടക്കുന്ന തട്ടിപ്പും സാമ്പത്തിക ക്രമക്കേടുകളും മാദ്ധ്യമങ്ങൾക്കു മുന്നിൽ ബിജു പ്രഭാകർ തുറന്നടിച്ചിരുന്നു. കെ.ടി.ഡി.എഫ്.സിയുമായുള്ള പണമിടപാടിൽ 100 കോടിയുടെ ക്രമക്കേട് സംഭവിച്ചതു മുതൽ ടിക്കറ്റ് മെഷീനിൽ ജീവനക്കാരൻ നടത്തിയ 45 ലക്ഷത്തിന്റെ തിരിമറിവരെ ബിജു പ്രഭാകർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |