കളമശേരി: ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ച് കളമശേരിയിൽ പതിനേഴുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ സുഹൃത്ത് അഖിൽ വർഗീസിനെ (19) പൊലീസ് അറസ്റ്റുചെയ്തു. ഇയാളൊഴികെ മർദിച്ച സംഭവത്തിൽ കസ്റ്റഡിയിലായ നാല് പ്രതികൾ പ്രായപൂർത്തിയാവാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ മാതാപിതാക്കൾക്കൊപ്പം പിന്നീട് വിട്ടയച്ചു. പ്രായപൂർത്തിയാകാത്ത രണ്ടുപേരെക്കൂടി പിടികൂടാനുണ്ട്. മർദനമേറ്റ കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് റിപ്പോർട്ട് ഇന്നലെ കൈമാറി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് കളമശേരി ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപമുള്ള പുഴക്കരയിൽ ആൾപ്പാർപ്പില്ലാത്ത കെട്ടിടത്തിൽ വച്ചായിരുന്നു മർദനം. അവശനായി വീണ കുട്ടിയെ നൃത്തം ചെയ്യിപ്പിക്കുന്നതിന്റെയും കരിങ്കൽമെറ്റലിൽ മുട്ടുകുത്തി ഇരുത്തുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.
മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ മായിച്ചുകളഞ്ഞെങ്കിലും മർദ്ദനമേറ്റ കുട്ടിയുടെ സഹോദരൻ അവ വീണ്ടെടുക്കുകയായിരുന്നു.
ശരീരമാസകലം പരിക്കേറ്റ കുട്ടി വീട്ടിലെത്തിയശേഷം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ടുതന്നെ കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. തുടർന്ന് ഇന്നലെ കിടത്തി ചികിത്സയ്ക്കായി ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മർദിച്ചവർ അയൽവാസികളും മകന്റെ സുഹൃത്തുക്കളുമാണെന്ന് പിതാവ് പറഞ്ഞു. മകന്റെ കൈവശമുണ്ടായിരുന്ന ഫോൺ പ്രതികൾ കൈക്കലാക്കി. മർദിക്കുമ്പോൾ കരഞ്ഞാൽ ഫോൺ തരില്ലെന്നു ഭീഷണിപ്പെടുത്തിയെന്നും പിതാവ് പറഞ്ഞു. മർദ്ദനമേറ്റ കുട്ടിയുടെ മാതാവ് കൂലിവേല ചെയ്തും പിതാവ് ഓട്ടോ ഓടിച്ചുമാണ് കുടുംബം പുലർത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പ്രതികളെ കളമശേരി പൊലീസ് വെള്ളിയാഴ്ച തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |