ചെന്നൈ: തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ആനയോട് വീണ്ടും ക്രൂരത. മുൻകാലുകൾ ചങ്ങല കൊണ്ട് ചേർത്ത് കെട്ടി റോഡിലൂടെ നടത്തിക്കുന്ന ആനയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
തടിമില്ലിൽ പണിയെടുക്കുകയും അമ്പലങ്ങളിൽ ഉത്സവത്തിന് എഴുന്നള്ളിക്കുകയും ചെയ്തിരുന്ന ആനയോടാണ് നടുറോഡിൽ വച്ച് പാപ്പാന്റെ കടുംകൈ. മസിനഗുഡിയിൽ കാട്ടാനയെ തീപ്പന്തമെറിഞ്ഞ് കൊന്ന സംഭവത്തിന്റെ ആഘാതം മാറും മുമ്പേയാണ് പുതിയ സംഭവം പുറത്തുവന്നത്.
മുൻകാലുകൾ കെട്ടി ആനയെ നടത്തിക്കുന്നത് അവയുടെ ആന്തരികാവയവങ്ങൾക്ക് വലിയ ആഘാതമുണ്ടാക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പാപ്പാൻ എങ്ങനെയാണ് ഇത്തരം ക്രൂരത ചെയ്യുന്നതെന്നും അവർ ചോദിക്കുന്നു. കാലുകൾ രണ്ടും കൂട്ടിക്കെട്ടിയതിനാൽ ചാടിച്ചാടിയാണ് ആന നടക്കുന്നത്. പോരാത്തതിന് വടികൊണ്ട് അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഏഷ്യൻ ആനകളുടെ ഭാരം 4.5 ടണ്ണാണ്, അവയുടെ സ്ഥിരത നിലനിറുത്തുന്നതിന് അവർക്ക് പ്രത്യേകമായ നടത്ത രീതിയുണ്ട്. അതാണ് ഇക്കൂട്ടർ നിഷേധിച്ചതെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
പാപ്പാനും സഹായികളും നടക്കാനുള്ള ആനയുടെ കഷ്ടപ്പാട് വീക്ഷിച്ചുകൊണ്ട് നാലുഭാഗത്തുമുള്ളതായും ദൃശ്യങ്ങളിലുണ്ട്.
മദപ്പാട് ഉള്ളപ്പോൾ ആനകളുടെ മുൻകാലുകൾ ചങ്ങല കൊണ്ട് ബന്ധിക്കാറുണ്ട്. എന്നാൽ കാഴ്ചയിൽ യാതൊരു കുഴപ്പവുമില്ലാത്ത ആനയോട് കാണിച്ച ക്രൂരതയ്‌ക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രതിഷേധം കനക്കുകയാണ്. തിരുനെൽവേലി മോഹനൻ എന്നാണ് ആനയുടെ പേരെന്നാണ് റിപ്പോർട്ടുകൾ. നടക്കാൻ പോലും കഴിയാത്ത ആനയെ പാപ്പാൻ നിരന്തരം തോട്ടി കൊണ്ട് മർദ്ദിക്കുന്നുമുണ്ട്. ദൃശ്യങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിൽ ഡി.എഫ്.ഒയ്ക്ക് പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |