കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭാ മണ്ഡലമായ ധർമ്മടത്ത് ശക്തമായ മത്സരം നടത്താനൊരുങ്ങി യു ഡി എഫ്. കഴിഞ്ഞതവണ മുപ്പതിനായിരത്തിലേറെ വോട്ടുകൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞെടുക്കപ്പെട്ട മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷയൊന്നുമില്ലെങ്കിലും കടുത്ത പോരാട്ടം നടത്തുകയെന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. ധർമ്മടത്ത് ശക്തമായ മത്സരം നടത്തിയാൽ അതുവഴി പിണറായിയേയും എൽ ഡി എഫിനേയും സമ്മർദ്ദത്തിലാക്കാമെന്നും സംസ്ഥാനമൊട്ടാകെ പ്രചാരണത്തിനിറങ്ങുന്ന പിണറായിയെ കൂടുതൽ സമയം മണ്ഡലത്തിൽ തന്നെ ഒതുക്കാമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു.
കോൺഗ്രസ് ദേശീയ വക്താവും മാഹി ചെറുകല്ലായി സ്വദേശിനിയുമായ ഷമ മുഹമ്മദിനെയാണ് കോൺഗ്രസ് ധർമ്മടത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഷമയെ മത്സര രംഗത്തിറക്കാൻ ശക്തമായ നീക്കം നടക്കുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ അനുമതി ലഭിച്ചാൽ ഷമ കേരളത്തിലേക്ക് മടങ്ങുമെന്നാണ് സൂചന. കോൺഗ്രസിന്റെ തീപ്പൊരി പ്രാസംഗികയും വനിതാ നേതാവുമായ ഷമ രാഹുൽ ബ്രിഗേഡിലെ പ്രധാന അംഗങ്ങളിലൊരാളാണ്. ടോം വടക്കൻ വക്താവ് സ്ഥാനത്ത് നിന്നും മാറി ബി ജെ പിയിൽ ചേർന്നതോടെ പകരമെത്തിയ വക്താക്കളിലൊരാളാണ് ഷമ.
പൂനെയിൽ ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം താമസിക്കുന്ന ഷമ ഡൽഹി കേന്ദ്രീകരിച്ചാണ് ഏറെ കാലമായി പ്രവർത്തിക്കുന്നത്. ചാനൽ ചർച്ചകളിൽ കോൺഗ്രസിന്റെ വാദമുഖങ്ങൾ അതിശക്തമായി അവതരിപ്പിക്കുന്ന ഷമ മലയാളികൾക്കും സുപരിചിതയാണ്. കെ എസ് യു പ്രവർത്തകയായാണ് ഷമ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്.പിന്നീട് യുത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് എന്നിവയുടെ മുൻനിര നേതാക്കളിലൊരാളായി. മംഗളൂരുവിൽ നിന്നും മെഡിക്കൽ ബിരുദം നേടിയ ഷമ ഡോക്‌ടറായും പ്രാക്‌ടീസ് ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയെ നേരിടാൻ ധർമ്മടത്ത് മത്സരിക്കുന്നതിനോട് ഷമ അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെന്നാണ് സൂചന. കണ്ണൂർ ജില്ലയിൽ സി പി എമ്മിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നാണ് ധർമ്മടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |