ന്യൂഡൽഹി: ഇന്ത്യയേയും ശ്രീലങ്കയേയും കടലിലൂടെ ബന്ധിപ്പിക്കുന്ന 'രമസേതു' വിന്റെ ഉത്ഭവം എങ്ങനെയെന്നത് സംബന്ധിച്ച് വ്യക്തത വരുത്താനായി കടലിനുള്ളിൽ ഗവേഷണം നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകി. രാമേശ്വരത്തെ പാമ്പനിൽ നിന്ന് ശ്രീലങ്കയിലെ മന്നാർ ദ്വീപിലേക്ക് 48 കിലോമീറ്റർ നീളമുണ്ട് ഈ പാലത്തിന്.
രാമസേതുവെന്നും, ആദംസ് ബ്രിഡ്ജ് എന്നും അറിയപ്പെടുന്ന പാലം രൂപം കൊണ്ടത് എങ്ങനെയാണെന്നത് സംബന്ധിച്ചുള്ള തർക്കം ഇപ്പോഴും നിലനിൽക്കുകയാണ്. ലങ്കയിലേക്ക് സീതയെത്തേടി പോകാൻ ശ്രീരാമൻ നിർമിച്ചതാണ് ഈ പാലമെന്നും, അതല്ല മനുഷ്യ നിർമിതമാണിതെന്നുമൊക്കെ അഭിപ്രായങ്ങൾ ഉണ്ട്. ഈ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കടലിനുള്ളിൽ പഠനം നടത്തുന്നത്.
ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ (എഎസ്‌ഐ) യുടെ കീഴിലുള്ള കേന്ദ്ര ഉപദേശക സമിതി കഴിഞ്ഞ മാസമാണ് കടലിനുള്ളിൽ പഠനം നടത്താനുള്ള പദ്ധതിക്കുള്ള നിർദേശത്തിന് അംഗീകാരം നൽകിയത്. പാലത്തിന്റെ പഴക്കത്തെക്കുറിച്ചും, രാമായണ കാലഘട്ടത്തെക്കുറിച്ചുമൊക്കെ കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും (സിഎസ്‌ഐആർ) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രഫി (എൻഐഒ) ഗോവയും നടത്തുന്ന പഠനത്തിൽ വിശദമായി പരിശോധിക്കും.
ജലനിരപ്പിൽ നിന്ന് 35 മുതൽ 40 മീറ്റർ വരെ താഴെയുള്ള സാമ്പിളുകൾ ശേഖരിക്കുന്നതിനായി എൻഐഒ, സിന്ധു സാധ്ന അല്ലെങ്കിൽ സിന്ധു സങ്കൽപ് എന്നിവയുടെ ഗവേഷണ കപ്പലുകൾ പദ്ധതിയിൽ വിന്യസിക്കും (ഡാറ്റാ ശേഖരണം, എക്കോ സൗണ്ടറുകൾ, അക്കൗസ്റ്റിക് ഡോപ്ലർ, പ്രൊഫൈലർ, ഓട്ടോണമസ് വെതർ സ്റ്റേഷൻ, എയർ ക്വാളിറ്റി മോണിറ്ററുകൾ എന്നിവയ്ക്കായി നിരവധി ലബോറട്ടറികൾ ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി നിർമ്മിച്ച ഗവേഷണ കപ്പലാണ് സിന്ധു സാധ്‌ന).
തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഈ വർഷം തന്നെ ഗവേഷണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |