തൃശൂർ: വഞ്ചി തുഴഞ്ഞ് കേരളം മുഴുവൻ കറങ്ങാനൊരുങ്ങി ഒരു അച്ഛനും മകനും. തൃശൂർ മാള ആശാരിപ്പറമ്പിൽ അഭിജിത്തും പിതാവ് ഭരതനും ചേർന്നാണ് യാത്രയ്‌ക്ക് ഒരുങ്ങുന്നത്. ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന യാത്ര ഇന്ത്യൻ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണെന്നാണ് ഇരുവരുടേയും അവകാശവാദം. കേരളത്തിന്റെ പുഴ ജീവിതം പഠിക്കുകയും പകർത്തുകയും ചെയ്യുകയെന്നതാണ് യാത്രയുടെ ലക്ഷ്യം.
ലോക്ക്‌ഡൗൺ സമയത്താണ് ഇത്തരമൊരു ആശയം ഇരുപത്തിയഞ്ചുകാരനായ അഭിജിത്തിന്റെ മനസിൽ രൂപപ്പെട്ടത്. ആദ്യം അച്ഛനോടാണ് അഭിജിത്ത് ഇക്കാര്യം അവതരിപ്പിച്ചത്. വീട്ടിൽ നിന്ന് സമ്മതം ലഭിച്ചതോടെ മൂന്ന് മാസം മുമ്പാണ് യാത്ര പോകാനുളള വഞ്ചിയുടെ നിർമ്മാണം ആരംഭിച്ചത്. വാടകയ്‌ക്ക് വഞ്ചി വാങ്ങാനായിരുന്നു ആദ്യത്തെ പദ്ധതി. എന്നാൽ അത് നടക്കാതെ വന്നതോടെയാണ് രണ്ടും കൽപ്പിച്ച് സ്വന്തമായി വഞ്ചി നിർമ്മാണം ആരംഭിച്ചത്.
പത്ത് കോൽ നീളവും ഒന്നര കോൽ വീതിയുമാണ് വഞ്ചിക്കുളളത്. ഒന്നര ലക്ഷമായിരുന്നു നിർമ്മാണ ചെലവ്. ആകെയുളള അഞ്ച് സെന്റ് സ്ഥലവും പുരയിടവും പണയപ്പെടുത്തിയാണ് ഈ തുക കണ്ടെത്തിയത്. ഒരു ദിവസത്തെ യാത്രയ്‌ക്ക് ഇന്ധനത്തിനായി നാന്നൂറ് രൂപയാണ് പ്രതീക്ഷിക്കുന്നത്. ഭക്ഷണവും മറ്റ് ചിലവുകളുമായി 600 രൂപയ്‌ക്ക് മുകളിൽ ഒരു ദിവസം വേണ്ടി വരും.
മത്സ്യം വിറ്റ് ദിവസവും ആയിരം രൂപ വരുമാനമുണ്ടാക്കാമെന്നും അതുവഴി യാത്ര ചിലവ് കണ്ടെത്താമെന്നുമാണ് അഭിജിത്തും ഭരതനും പറയുന്നത്. തൃശൂരിൽ നിന്ന് കൊല്ലം വരെ തുടർച്ചയായി പോകാനുളള മാർഗം കണ്ടെത്തിയിട്ടുണ്ട്. കൊല്ലത്തെത്തിയ ശേഷം തിരുവനന്തപുരത്തേക്കും വഞ്ചിയിൽ യാത്ര ചെയ്യും. മറ്റ് പുഴകളേയും ചാലുകളേയും പറ്റിയുളള അന്വേഷണം നടത്തുകയാണ്.
യമഹ എഞ്ചിൻ ഘടിപ്പിച്ച വഞ്ചിയിൽ പ്ലാസ്റ്റിക്ക് ജലാശയത്തിൽ നിക്ഷേപിക്കാതിരിക്കാനായി വേസ്‌റ്റ് ബിന്നും വച്ചിട്ടുണ്ട്. മൂന്നോ നാലോ ദിവസത്തേക്ക് പെട്രോൾ ശേഖരിച്ച് വയ്‌ക്കാനുളള സംവിധാനം വഞ്ചിയിൽ ഒരുക്കിയിട്ടുണ്ട്. മുപ്പത് ദിവസമാണ് യാത്ര ദൈർഘ്യം പ്രതീക്ഷിക്കുന്നതെങ്കിലും നീണ്ടുപോകാൻ സാദ്ധ്യതയുണ്ട്.
അരയ സമുദായക്കാരനായ ഭരതന് മത്സ്യബന്ധനമാണ് തൊഴിൽ. അഭിജിത്ത് അച്ഛനൊപ്പം പണിക്ക് പോവുന്നതിനൊപ്പം ആൽബം എഡിറ്റിംഗും ചെയ്യാറുണ്ട്. എഡിറ്റിംഗ് ജോലികളും വഞ്ചിയിൽ ചെയ്യാൻ പറ്റുമെന്നാണ് കരുതുന്നത്. യാത്രയുടെ വിവരങ്ങൾ സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കിടാനാണ് പദ്ധതി. യാത്ര വിജയിച്ചാൽ രാജ്യം മുഴുവൻ ഇത്തരത്തിൽ യാത്ര ചെയ്‌താലോയെന്നാണ് അച്ഛന്റേയും മകന്റേയും ആലോചന.
വാഷ്ബേയ്‌സ്, ഗ്യാസ്, സ്‌റ്റൗ, പാചക സാമഗ്രികൾ അടക്കം എല്ലാം വഞ്ചിയിൽ തന്നെയുണ്ട്. രാത്രി യാത്രയിൽ മീൻ പിടിച്ച് സൂക്ഷിക്കുന്നതിനായി ഐസ് ബോക്‌സുമുണ്ട്. വഞ്ചിയ്‌ക്ക് മുകളിൽ ടെന്റ് കെട്ടിയായിരിക്കും യാത്ര. കമ്പ്യൂട്ടർ അടക്കം പ്രവർത്തിപ്പിക്കുന്നതിന് സോളാർ സിസ്‌റ്റമാണ് മറ്റൊരു ആകർഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |