ന്യൂഡൽഹി: വടക്കാഞ്ചേരി ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ സിബിഐ ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഒരു മാസമാണ് നോട്ടീസിന് മറുപടി നൽകാൻ കോടതി സമയം അനുവദിച്ചിരിക്കുന്നത്. സിബിഐ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിലും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.എന്നാൽ അന്വേഷണം സ്റ്റേ ചെയ്തിട്ടില്ല.
സംസ്ഥാന സർക്കാരിന്റെ അനുമതി ഇല്ലാതെ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിനായി സംസ്ഥാനങ്ങളിൽ എത്തുന്നത് ഗൗരവമേറിയ വിഷയമാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ വി വിശ്വനാഥ് കോടതിയെ അറിയിച്ചു. പദ്ധതിക്ക് വിദേശ സംഭാവന സംസ്ഥാന സർക്കാരോ ലൈഫ് മിഷനോ വാങ്ങിയിട്ടില്ല. കരാറുകാരായ യൂണിടാകാണ് പണം സ്വീകരിച്ചത്.അതിനാൽ സർക്കാരോ ലൈഫ് മിഷനോ വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.
ഉദ്യോഗസ്ഥർ പണം വാങ്ങിയെന്ന ആരോപണം അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണ്. സംസ്ഥാന വിജിലൻസ് ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണത്തിന് സിബിഐ സംസ്ഥാന സർക്കാരിന്റെ അനുമതി വാങ്ങണം. പൊതു അനുമതിയുണ്ടെന്നാണ് അവരുടെ വാദമെങ്കിലും അതു പിൻവലിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
സർക്കാർ പദ്ധതി ആയതിനാലല്ലേ വിദേശത്ത് നിന്ന് പണം ലഭിച്ചതെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത ചോദിച്ചു. നിലവിൽ സിബിഐ അന്വേഷണം ആരംഭിച്ചിട്ടല്ലേ ഉള്ളൂവെന്നും, അന്വേഷണം പൂർത്തിയായാൽ അല്ലേ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നറിയാൻ കഴിയൂവെന്നും ജസ്റ്റിസ് അശോക് ഭൂഷൺ ആരാഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |