തന്റെ കുടുംബത്തോടും മുൻകാല മലയാള നടി ജോമോളോടും ഒപ്പമുള്ള ചിത്രം പങ്കുവച്ച് ചലച്ചിത്രതാരവും ബിജെപി എംപിയുമായ സുരേഷ്‌ഗോപി. ഭാര്യ രാധികയെയും മകൻ ഗോകുൽ സുരേഷിനെയും കാണാവുന്ന ചിത്രത്തിൽ തന്റെ മെഗാ പ്രൊജക്റ്റായ 'ഒറ്റക്കൊമ്പനി'ലെ 'കുറുവച്ചൻ' എന്ന കഥാപാത്രത്തിന്റെ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
'കുറുവച്ചൻ ഹോം ഫ്രണ്ട്' എന്ന കുറിപ്പും ഒപ്പം 'ഹാർട്ട്' ഇമോജിയുമാണ് താരം ചിത്രത്തിനൊപ്പം നൽകിയിട്ടുള്ളത്.
2017ൽ വികെ പ്രകാശിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'കെയർഫുൾ' എന്ന ചിത്രത്തിലൂടെ ജോമോൾ മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. ശേഷം, സുരേഷ് ഗോപി ചിത്രത്തിലൂടെ നടി സിനിമയിൽ വീണ്ടും സജീവമാകുകയാണോ എന്നാണ് ഈ ചിത്രം പുറത്തുവന്നതിന് പിന്നാലെ ആരാധകർ ചോദിക്കുന്നത്.
മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചൻ മുളകുപാടം നിർമ്മിച്ച് നവാഗതനായ മാത്യൂ തോമസ് സംവിധാനം ചെയ്യുന്ന മാസ് സിനിമയിലേക്ക് അഭിനേതാക്കളെ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുരേഷ്‌ഗോപി മുൻപ് സോഷ്യൽ മീഡിയാ പോസ്റ്റ് ഇട്ടിരുന്നു.
ഏട്ട് വയസുളള ഇരട്ട കുട്ടികളെയും, 11-14 വയസ് പ്രായമുളള പെണ്‍കുട്ടികളെയും, 4-5 വയസ് പ്രായമുളള ആണ്‍കുട്ടികളെയുമാണ് അഭിനേതാക്കളായി ചിത്രത്തിലേക്ക് വേണ്ടത്. ബോളിവുഡ് താരങ്ങളുൾപ്പെടെ അഭിനയിക്കുന്ന 'ഒറ്റക്കൊമ്പൻ' സുരേഷ് ഗോപിയുടെ 250ആം ചിത്രമാണ്. 25 കോടി മുതല്‍ മുടക്കിലാണ് സിനിമ ഒരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |