നെടുമങ്ങാട്: താലൂക്കാസ്ഥാനത്ത് തെരുവ് വിളക്കുകൾ ഒന്നൊഴിയാതെ മിഴിയടച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി. നഗരസഭയും കെ.എസ്.ഇ.ബിയും പരസ്പരം പഴിചാരുമ്പോൾ എന്തുചെയ്യണമെന്ന് അറിയാതെ വലയുകയാണ് നഗരവാസികളും രാത്രികാല യാത്രികരും.
ലോക്ക് ഡൗൺ പിന്നിട്ടതോടെ നഗരത്തിൽ രാത്രിയിലും വഴിയാത്രക്കാരുടെ തിരക്കുണ്ട്. ടെക്സ്റ്റയിൽ ഷോപ്പുകളിലും മെഡിക്കൽ ഷോപ്പുകളിലും ജോലി കഴിഞ്ഞ് ഏറെ വൈകി വീടുകളിലേക്ക് മടങ്ങുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാർ തെരുവുനായ്ക്കളെയും സാമൂഹ്യവിരുദ്ധരെയും ഭയന്ന് സഞ്ചരിക്കേണ്ട ഗതികേടിലാണ്.
ഈസ്റ്റ് ബംഗ്ലാവ്, ഹൗസിംഗ് ബോർഡ് ജംഗ്‌ഷൻ, മണക്കോട്, കോളേജ് ജംഗ്‌ഷൻ എന്നിവിടങ്ങളിൽ ലൈറ്റുകൾ മിന്നി മറയാറാണ് പതിവ്. പകലും ബൾബുകൾ കത്തിക്കിടക്കുന്ന ഇടങ്ങളുമുണ്ട്. വിളക്കുകൾ കത്തുന്നില്ലെങ്കിലും കറണ്ട് ചാർജ് ഒടുക്കുന്നതിൽ നഗരസഭ കുടിശിക വരുത്തിയിട്ടില്ലെന്നാണ് രേഖകൾ. പ്രതിമാസം രണ്ട് ലക്ഷം രൂപയിലേറെയാണ് കെ.എസ്.ഇ.ബിക്ക് അടയ്ക്കുന്നത്. ലൈറ്റുകളുടെ ഗുണനിലവാരം ചോദ്യം ചെയ്ത് മുൻ കൗൺസിലിന്റെ കാലത്ത് പലതവണ പ്രതിപക്ഷ അംഗങ്ങൾ ഭരണപക്ഷവുമായി ഏറ്റുമുട്ടിയിട്ടുണ്ട്. തിരഞ്ഞെടുത്ത ഏജൻസിയെ കുറിച്ചും പരാതി ഉയർന്നിരുന്നു. കെ.എസ്.ഇ.ബി ജീവനക്കാരുടെ ശീതസമരവും പ്രശ്നം വഷളാക്കി. പുതിയ കൗൺസിൽ അധികാരമേറി ആഴ്ചകൾ പിന്നിടുമ്പോഴും പ്രശ്നപരിഹാരം നീളുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
തെരുവ് വിളക്കുകൾ കത്താത്തത് ഇവിടെ
കച്ചേരി ജംഗ്‌ഷൻ, ചന്തമുക്ക്, ജില്ലാ ആശുപത്രി ജംഗ്‌ഷൻ, സൂര്യാ റോഡ്, പാളയം, കുപ്പക്കോണം, സത്രംമുക്ക്, കല്ലിംഗൽ, പഴകുറ്റി, മേലാങ്കോട്, കല്ലമ്പാറ തുടങ്ങി പ്രധാന ഭാഗങ്ങളിലെല്ലാം
ഒഴിഞ്ഞു മാറാനാവില്ല, ബോർഡിനും നഗരസഭയ്ക്കും
2011 സെപ്തംബർ 15-ലെ സർക്കാർ ഉത്തരവ് പ്രകാരം (നം- 3055 / ഡി. എ. 3 / 2011) കേടായ തെരുവ് വിളക്കുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള ഉത്തരവാദിത്വം നഗരസഭയ്ക്കാണ്. റിപ്പയറിംഗും മെയിന്റനൻസും സംബന്ധിച്ച പ്രവൃത്തികൾ ടെൻഡറിംഗ് സംവിധാനം വഴി ആനുവൽ മെയിന്റനൻസ് കോൺട്രാക്ടിലൂടെ കെ.എസ്.ഇ.ബി ഉൾപ്പെടെയുള്ള ഏജൻസികൾ വഴി നടപ്പിലാക്കണമെന്ന് 2012 മാർച്ച് 27 ന് സർക്കുലർ (നം- 67208 / ഡി. എ. 3 / 11) പുറപ്പെടുവിച്ചിട്ടുമുണ്ട്. 2014 -ൽ 102-മത് റെഗുലേഷനിലും സ്ട്രീറ്റ് ലൈറ്റുകളുടെ പരിപാലനം നഗരസഭയ്ക്ക് വ്യവസ്ഥ ചെയ്തിട്ടുണ്ട്. സാധനസാമഗ്രികൾ ലഭ്യമാക്കി, തുക അടച്ചാൽ അറ്റകുറ്റപ്പണികൾ ബോർഡിനെക്കൊണ്ട് തന്നെ ചെയ്യിപ്പിക്കാവുന്നതാണ്. ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് കൺട്രോളർ സ്ഥാപിച്ച് സ്വയമേവ കത്തുകയും അണയുകയും ചെയ്യുന്ന സംവിധാനം ബോർഡ് നടപ്പാക്കുന്നുണ്ട്. നെടുമങ്ങാട്ട് ഈ സംവിധാനം എല്ലായിടത്തും നടപ്പിലായിട്ടില്ല. മീറ്ററുകൾ സ്ഥാപിക്കാൻ നൽകിയ നിർദേശവും നടപ്പിലായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |