ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന കർഷകരുടെ ട്രാക്‌ടർ റാലി ആരംഭിച്ചു. റിപ്പബ്ലിക്ക് ദിന പരേഡിന് ശേഷം റാലി നടത്താനാണ് അനുമതി നൽകിയതെങ്കിലും നേരത്തെ നിശ്‌ചയിച്ചിരുന്ന സമയത്തെക്കാൾ കർഷകർ തങ്ങളുടെ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. രാജ്യ തലസ്ഥാനമൊട്ടാകെ പൊലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രധാന അതിർത്തികളെല്ലാം പൊലീസ് ബാരിക്കേഡുകൾ വച്ച് തടഞ്ഞിട്ടുണ്ട്. അതിനിടെ സിംഗുവിൽ ഒരു വിഭാഗം കർഷകർ ബാരിക്കേഡുകൾ മറികടന്നു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ കർഷകർ ഇടിച്ച് തകർക്കുകയായിരുന്നു. പൊലീസ് നിർത്തിയിട്ട ട്രക്കുകളും കർഷകർ മാറ്റി. നൂറ് കണക്കിന് കർഷകരാണ് റാലിയിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലേക്ക് എത്തുന്നത്.
പഞ്ചാബിൽ നിന്ന് കുതിരപ്പടയടക്കം റാലിയിൽ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. അയ്യായിരം ട്രാക്‌ടറുകൾക്കാണ് റാലിയിൽ പൊലീസ് അനുമതി.എന്നാൽ ഒരു ലക്ഷം ട്രാക്‌ടറുകൾ റാലിയിൽ പങ്കെടുക്കുന്നുണ്ടെന്നാണ് കർഷകരുടെ അവകാശവാദം. റാലിയിൽ പങ്കെടുക്കാനായി ഡൽഹിയിലേക്ക് കർഷകരുടെ പ്രവാഹമാണ്. ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവാക്കാന്‍ സിംഗു, തിക്രി, ഗാസിപൂർ അതിർത്തികളിൽ കർഷക സംഘടനകളും പൊലീസും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പൊലീസുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ച് അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കാൻ കർഷക സംഘടനകൾ കർശന മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ടെങ്കിലും തുടക്കത്തിലെ അതെല്ലാം പാളുന്ന കാഴ്‌ചയാണ് ഡൽഹിയിൽ നിന്ന് കാണാൻ കഴിയുന്നത്.
ഡൽഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്‌ടറുകൾ ഒരേസമയം റാലി നടത്തുന്നത്. ഡൽഹി പൊലീസ് മൂന്ന് റൂട്ടുകളും പരിശോധിക്കുകയും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുകയും ചെയ്‌തിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുളള കർഷകരാണ് റാലിയിൽ അണിചേരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |