ന്യൂഡൽഹി: രാജ്യതലസ്ഥാനത്തേക്ക് എത്തിയ കർഷകരുടെ ട്രാക്ടർ റാലിയെ തുടർന്ന് വ്യാപക സംഘർഷവും അക്രമവും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടുന്നു. കർഷകരുടെ റാലി ചെങ്കോട്ടയിലേക്ക് എത്തിയ സാഹചര്യത്തിൽ തുടർനടപടികളെക്കുറിച്ചുള്ള ചർച്ചകൾ നടത്താൻ വേണ്ടിയും സംഘർഷ സാഹചര്യം വിലയിരുത്താൻ വേണ്ടിയും അമിത് ഷാ ഉന്നത സുരക്ഷാ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
അതിനിടെ, സംഘർഷം നിയന്ത്രണ വിധേയമാക്കുന്നതിനായി സമാന്തരസൈനിക വിഭാഗങ്ങളെ രംഗത്തിറക്കാൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായും സൂചനയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ ഹോം സെക്രട്ടറി അജയ് ഭല്ല, ഡൽഹി പൊലീസ് കമ്മീഷണർ എസ്എൻ ശ്രീവാസ്തവ എന്നിവർ പങ്കെടുത്തു.
ചർച്ചയെ തുടർന്ന് നിർണായക തീരുമാനങ്ങൾ ഉരുത്തിരിയുമെന്നും വിവരമുണ്ട്. റിപ്പബ്ളിക് ദിനത്തിൽ ഡൽഹിയിലേക്ക് കർഷകർ നടത്തിയ മാർച്ചിൽ വ്യാപക സംഘർഷവും അക്രമവും റിപ്പോർട്ട് ചെയ്തിരുന്നു. സമരത്തെ നേരിടാൻ കടുത്ത പ്രതിരോധ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ഇന്റർനെറ്റ് വിച്ഛേദിച്ചാണ് കേന്ദ്രത്തിന്റെ മറുപടി.
കർഷകസമരം നടക്കുന്ന സ്ഥലങ്ങളിലാണ് ഇന്റർനെറ്റ് വിച്ഛേദിച്ചത്. സിംഗു, തിക്രി, ഗാസിപൂർ അതിർത്തി മേഖലകളിൽ ഇപ്പോൾ ഇന്റർനെറ്റ് സേവനമില്ല. അതേസമയം, ചെങ്കോട്ട ഇപ്പോഴും സമരക്കാരുടെ നിയന്ത്രണത്തിലാണ്. തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗതം നിരോധിക്കുകയും മെട്രോ സ്റ്റേഷനുകൾ അടയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്.
എൻ എച്ച് 44, ജി ടി കെ റോഡ്, ഔട്ടർ റിംഗ് റോഡ്, സിഗ്നേചർ ബ്രിഡ്‌ജ്, ജി ടി റോഡ്, ഐ എസ് ബി ടി റിംഗ് റോഡ്, വികാസ് മാർഗ്, ഐ ടി ഒ,എൻ എച്ച് 24, നിസാമുദ്ദിൻ ഖത്ത, നോയിഡ ലിങ്ക് റോഡ് എന്നിവിടങ്ങളിലെ ഗതാഗതമാണ് നിരോധിച്ചത്.
ഡൽഹിയുടെ ഹൃദയഭാഗമായ ഐ ടി ഒയിലും പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും സമരക്കാർ എത്തി. ഇതിനിടെ, അക്രമികളെ തളളിപ്പറഞ്ഞ് സമരസമിതി രംഗത്തെത്തി. വിലക്ക് ലംഘിച്ചത് ബി കെ യു, കിസാൻ മസ്ദൂർ സംഘ് തുടങ്ങി സംഘടനകളാണ്. ഇവരുമായി ബന്ധമില്ലെന്ന് കർഷകരുടെ സംയുക്തസമരസമിതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |